ഹരിതയിലെ പ്രശ്നം ലീഗ് പരിഹരിക്കുമെന്നും അക്കാര്യത്തിൽ മാധ്യമങ്ങൾ വിഷമിക്കേണ്ടെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രകോപിതനായിട്ടായിരുന്നു സലാം മറുപടി നൽകിയത്.
ഹരിതയിലെ പ്രശ്നം പാർട്ടിയുടേതാണ്. അത് പാർട്ടി പരിഹരിക്കും. അക്കാര്യത്തിൽ മാധ്യമങ്ങൾ വിഷമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വനിതാ കമ്മീഷനിൽ പരാതി നൽകിയതിനെക്കുറിച്ച് പരാതി നൽകിയവരോട് ചോദിക്കണം. എംഎസ്എഫ് നേതാക്കൾക്കെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അത് നിങ്ങളുടെ ആരോപണമാണെന്നായിരുന്നു മറുപടി. മുസ്ലിം ലീഗിന്റെ സംഘടനാ കാര്യങ്ങൾ മുസ്ലിം ലീഗ് തീരുമാനിക്കുമെന്നും സമയോചിതമായി തീരുമാനമെടുക്കാൻ പാർട്ടിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഉപസമിതി യോഗത്തിൽ ഹരിത വിഷയം ചർച്ച ചെയ്യുന്നില്ലെന്നും പ്രവർത്തന രൂപരേഖ ഉണ്ടാക്കാനാണ് യോഗം ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലീംലീഗ് പത്തംഗ ഉപസമിതിയോഗം ഇന്നലെ കോഴിക്കോട്ട് ചേര്‍ന്നിരുന്നു.