മലപ്പുറം : പോക്സോ കേസിലെ ഇരയായ പെൺകുട്ടിയുടെ മൊഴി പ്രകാരം റിമാൻഡിലായി ജയിലിൽ കഴിയുകയായിരുന്ന 18കാരന് ഒടുവിൽ കോടതി ജാമ്യം അനുവദിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി ഗർഭിണിയായ കേസിലാണ് ഡിഎൻഎ പരിശോധന ഫലം നെഗറ്റീവായതോടെ കഴിഞ്ഞ 35 ദിവസമായി ജയിലിൽ കഴിഞ്ഞ പതിനെട്ടുകാരൻ പുറത്തിറങ്ങിയത്.
മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ പ്ലസ്ടു വിദ്യാർഥി ശ്രീനാഥിനേയാണ് പരിശോധന ,ഫലം ലഭിച്ചതിനു പിന്നാലെ സ്വന്തം ജാമ്യത്തിൽ പോക്സോ കോടതി വിട്ടയച്ചത്. പീഡനത്തിന് ഇരയായ പതിനേഴുകാരി ഗർഭിണിയായ കേസിലാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂൺ 22ന് ശ്രീനാഥ് പോക്സോ കേസിൽ റിമാൻഡിലായത്.
പിന്നീട് ശ്രീനാഥിന്റെ അപേക്ഷ പ്രകാരം നടത്തിയ ഡിഎൻഎ പരിശോധനയുടെ ഫലം നെഗറ്റീവായതോടെയാണ് മഞ്ചേരി പോക്സോ കോടതി സ്വന്തം ജാമ്യത്തിൽ വിട്ടയച്ചത്. പോക്സോയ്ക്കു പുറമെ 346, 376, 342 ഐപിസി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയിട്ടുണ്ട്.
കോടതിയുടെ പ്രത്യേക നിർദേശപ്രകാരം മണിക്കൂറുകൾക്കുള്ളിൽ തിരൂർ സബ് ജയിൽ നിന്ന് യുവാവിനെ പുറത്തിറക്കി. അതേസമയം, പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ പ്രതിയായി ഒന്നോ അതിലധികമോ പേരുണ്ടോ എന്നറിയാൻ ഇനിയും വിശദമായ പുനരന്വേഷണം വേണ്ടി വരുമെന്നാണ് റിപ്പോർട്ട്.