വാളെടുത്ത് ഗ്രൂപ്പുകൾ; വഴങ്ങാതെ നേതൃത്വം

 

ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലിയുള്ള വിവാദം കോൺഗ്രസിൽ പുകയുകയാണ്.   വിട്ടുവീഴ്ചക്കില്ലെന്നാണ് ഗ്രൂപ്പുകളുടേയും സംസ്ഥാന നേതൃത്വത്തിൻറേയും നിലപാട്.

പൂർണ്ണമായും ഒതുക്കാൻ ശ്രമം നടന്നുവെന്ന കരുതുന്ന ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും സമ്മർദ്ദ നീക്കങ്ങൾ തുടരും. അതേ സമയം ഗ്രൂപ്പ് മാനേജർമാർക്ക് വഴങ്ങേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും നിലപാട്.

ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയല്ല കോൺഗ്രസിൽ ഇപ്പോഴത്തെ പ്രധാന പ്രശ്നം. തങ്ങളെ ഒതുക്കി ഇല്ലാതാക്കാനാണ് ശ്രമമെന്ന് തിരിച്ചറിഞ്ഞാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും സംസ്ഥാന നേതൃത്വത്തിനെതിരെ വാളെടുത്തത്. സ്വന്തം ജില്ലകളിൽ വരെ നോമിനികളെ വെട്ടി പരിപൂർണ്ണ വെട്ടിനിരത്തൽ സംസ്ഥാന നേതൃത്വം ലക്ഷ്യമിട്ടതിലാണ് ഇരുനേതാക്കൾക്കും അമർഷം.

കോട്ടയത്ത് ഉമ്മൻചാണ്ടി നൽകിയ മൂന്നംഗ പട്ടികയിലെ ഫിൽസൺ മാത്യുവിനെ സംസ്ഥാന നേതൃത്വം അവസാന നിമിഷം ഒപ്പം നിർത്തിയെന്നാണ് എ ഗ്രൂപ്പ് പരാതി. ഉമ്മൻചാണ്ടി ഹൈക്കമാന്റിനെ സമീപിച്ചതോടെ ഒടുവിൽ ദില്ലി ഇടപെട്ട് നാട്ടകം സുരേഷിലെത്തിച്ചത് സമ്മർദ്ദങ്ങളുടെ വിജയമാണെന്ന് എ ഗ്രൂപ്പ് കരുതുന്നു.

കെ സി വേണുഗോപാൽ നിർദ്ദേശിച്ച കെപി ശ്രീകുമാറിനെ മാറ്റി ബാബു പ്രസാദിനെ ആലപ്പുഴയിൽ പ്രസിഡന്റാക്കിയത് നേട്ടമായി ഐ ഗ്രൂപ്പും കാണുന്നു. പുതിയ നേതൃത്വം ഗ്രൂപ്പില്ലെന്ന് പുറത്ത് പറഞ്ഞ് ഗ്രൂപ്പുണ്ടാക്കുകയാണെന്ന് വിമർശിച്ച് സമ്മർദ്ദ നീക്കങ്ങൾ തുടരാനാണ് എ-ഐ ഗ്രൂപ്പുകളുടെ തീരുമാനം.

എന്നാൽ ഒപ്പമുള്ളവർ പുതിയ അധികാര കേന്ദ്രങ്ങളോട് അടുക്കുന്നത് ഗ്രൂപ്പ് നേതാക്കൾക്ക് വലിയ വെല്ലുവിളിയാണ്. ഗ്രൂപ്പ് താത്പര്യത്തോട് ഹൈക്കമാന്റ് നോ പറയുന്നതിലാണ് വിഡി സതീശന്റെയും കെ സുധാകരന്റെയും പ്രതീക്ഷ. വിമർശനം ഗ്രൂപ്പിന് വേണ്ടി മാത്രമാണെന്ന് ആവർത്തിച്ച് പറഞ്ഞ് ലക്ഷ്യമിട്ടത് മാറ്റത്തിനാണെന്ന വിശദീകരണം ഇരുനേതാക്കളും ആവർത്തിക്കും.

ആലപ്പുഴയും കോട്ടയവും ഒഴികെ 12 ഇടത്തും പ്രസിഡന്റുമാരായവർക്ക് പേരിൽ ഗ്രൂപ്പുണ്ടെങ്കിലും, ഇവർ പുതിയ നേതൃത്വവുമായി നല്ല അടുപ്പമുള്ളവരാണ്. എന്നാൽ ഉടക്കി നിൽക്കുന്ന ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മറി കടന്ന് മുന്നോട്ട് പോകൽ ഡിസിസി അധ്യക്ഷന്മാർക്കും സംസ്ഥാന നേതൃത്വത്തിനും പ്രതിസന്ധിയാണ്. ചുരുക്കത്തിൽ കേരളത്തിലെ പ്രശ്നം തീർക്കാൻ ഹൈക്കമാന്റ് ഏറെ പാടുപെടുമെന്ന് വ്യക്തം.

spot_img

Related Articles

Latest news