അഫ്ഗാനിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികർ ‘ 9 / 11 ബേബീസ്”

വാഷിംഗ്ടൺ : ആഗസ്റ്റ് 26 ന് അഫ്ഗാനിലെ കാബൂൾ വിമാനത്താവളത്തിൽ നടന്ന ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 13 യുഎസ് സർവീസ് അംഗങ്ങളിൽ 12 പേരെയും ‘9/11 ബേബീസ് ‘ എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

മരണപ്പെട്ടവരുടെ പേരുകളും മറ്റു വിവരങ്ങളും ഓഗസ്റ്റ് 28 -ന് പെന്റഗൺ പുറത്തുവിട്ടതോടെയാണ് ഇരകൾ 20 മുതൽ 25 വയസ്സ് വരെ പ്രായമുള്ളവരായിരുന്നതായും , 2001 സെപ്റ്റംബർ 11 -ലെ ഭീകരാക്രമണത്തിന്റെ ഏതാനും വർഷങ്ങൾക്കുള്ളിൽ ജനിച്ചവരായിരുന്നെന്നും ശ്രദ്ധയിൽപ്പെട്ടത്.

യുദ്ധങ്ങളിലേർപ്പെടുന്ന അമേരിക്കയെ മാത്രമേ അവർ ഓർമ്മ വെച്ച കാലം മുതൽ കണ്ടിരുന്നുള്ളൂ എന്ന് സാരം. ഹോംലാൻഡ് സെക്യൂരിറ്റി, ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ, ഓഫീസ് കെട്ടിടങ്ങളിൽ ഐഡി പരിശോധന, സ്കൂളുകളിൽ മെറ്റൽ ഡിറ്റക്ടറുകൾ, എയർപോർട്ടിൽ ഷൂസ് എക്സ്-റേ എന്നിങ്ങനെ അല്ലാത്തൊരു അമേരിക്ക അവർക്ക് പരിചിതമായിരുന്നില്ല.

അഫ്ഗാനിസ്ഥാനിൽ സജീവമായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തീവ്രവാദ സംഘടനയായ IS-K, കാബൂൾ വിമാനത്താവളത്തിൽ നടത്തിയ ചാവേറാക്രമണത്തിൽ 170 അഫ്ഗാനികളും 13 യു എസ് സൈനികരും കൊല്ലപ്പെട്ടു. 13 സൈനികരുടെ അവശിഷ്ടങ്ങൾ ഞായറാഴ്ച അമേരിക്കയിലേക്ക് തിരികെ കൊണ്ടുവന്നു

കാബൂൾ വിമാനത്താവളത്തിൽ നടന്ന ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 13 അമേരിക്കൻ സൈനികരുടെ അവശിഷ്ടങ്ങൾ മാതൃരാജ്യത്ത് എത്തിച്ചപ്പോൾ, ഡെലാവെയറിലെ ഡോവർ എയർഫോഴ്സ് ബേസിൽ ആദരസൂചകമായി നടത്തിയ ചടങ്ങിൽ പ്രസിഡന്റ് ജോ ബൈഡൻ, പ്രഥമ വനിത ജിൽ ബൈഡൻ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ജോയിന്റ് ചീഫ്സ് ചെയർമാൻ മാർക്ക് മില്ലിയും മറ്റ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.

പ്രസിഡന്റും പ്രഥമ വനിതയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തി. 11 സേവന അംഗങ്ങളുടെ അവശിഷ്ടങ്ങൾ പതാക പതിച്ച വാനുകളിൽ കയറ്റി. മറ്റ് രണ്ട് യുഎസ് സേവന അംഗങ്ങളുടെ അവശിഷ്ടങ്ങൾ, അവരുടെ കുടുംബങ്ങളുടെ അഭ്യർത്ഥന പ്രകാരം സ്വകാര്യമായി വീട്ടിലെത്തിക്കുകയായിരുന്നു.

ഓഗസ്റ്റ് 14 ന് ശേഷം ഏകദേശം 1,11,900 പേർ അഫ്ഗാനിസ്ഥാൻ വിട്ടുപോയതായി വൈറ്റ് ഹൗസ് അറിയിച്ചു. പ്രസിഡന്റ് ജോ ബൈഡൻ നിശ്ചയിച്ച സമയപരിധിയായ ഓഗസ്റ്റ് 31 -നുള്ളിൽ തന്നെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങൽ പൂർത്തിയാക്കും.

spot_img

Related Articles

Latest news