തിരുവനന്തപുരം : വാക്‌സിനേഷന്‍ എണ്‍പത് ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും എൺപത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആർടിപിസിആർ പരിശോധന മാത്രം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു.
വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് എൺപത് ശതമാനം പൂർത്തീകരിച്ചത്. വാക്‌സിനേഷന്‍ എണ്‍പത് ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തില്‍ തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകളിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് മാത്രമാകും നടത്തുക. അതോടൊപ്പം എല്ലാ ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സി.1.2 കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കും. അവരെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കുകയും ക്വാറന്‍റെയിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്ലതോതില്‍ വാക്‌സിൻ നല്‍കാനായിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് കൂടി എത്രയും പെട്ടെന്ന് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.