പൈതൽമലയും പാലക്കയംതട്ടും ഉത്തരമലബാറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുന്ന കാര്യത്തിൽ മന്ത്രി മുഹമ്മദ് റിയാസ് കൈകൊണ്ട നിലപാട് അഭിനന്ദനാർഹം എന്ന് ജോണ്‍ ബ്രിട്ടാസ് എം പി.
കണ്ണൂർ ജില്ലയിലെ വിനോദകേന്ദ്രങ്ങളായ പൈതൽമലയേയും പാലക്കയംതട്ടിനെയും സംയോജിപ്പിച്ച് കൊണ്ടുള്ള വികസനപദ്ധതിക്ക് വളരെ ധൃതഗതിയിലാണ് മന്ത്രി മുഹമ്മദ് റിയാസ് അനുമതി നൽകിയത്. ഉത്തരമലബാറിലെ വിനോദസഞ്ചാര ഭൂപടത്തിലെ വളരെ പ്രധാനപ്പെട്ട രണ്ടിടങ്ങളായി പൈതൽമലയും പാലക്കയംതട്ടും മാറും എന്നതിൽ സംശയമില്ല എന്നും എം പി പറഞ്ഞു.
പൈതൽമല വിനോദസഞ്ചാര കേന്ദ്രമായി അംഗീകരിച്ചിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞു. കൊവിഡിന് മുമ്പ് പ്രതിമാസം അമ്പതിനായിരത്തോളം ടൂറിസ്റ്റുകൾ ഇവിടം സന്ദർശിച്ചിരുന്നു. എന്നാൽ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഇല്ലാത്തത് ഈ കേന്ദ്രത്തിന് വലിയ തിരിച്ചടിയാണ്.
പൈതൽമലയിൽ നിന്ന് 15 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന പാലക്കയംതട്ട് മറ്റൊരു സുപ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. രണ്ട് കേന്ദ്രങ്ങളെ സംയോജിപ്പിച്ച് കൊണ്ടുള്ള സർക്ക്യൂട്ട് പദ്ധതി വിഭാവനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞതായി ജോണ്‍ ബ്രിട്ടാസ് എം പി ഫെയ്സ് ബുക്കില്‍ കുറിച്ചു .