പെന്ഷന് പ്രായം വര്‍ധിപ്പിക്കാനുള്ള ശമ്പള കമ്മീഷന് ശുപാര്‍ശ യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത് തള്ളിക്കളയണമെന്നും എഐവൈഎഫ് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അഭ്യസ്തവിദ്യരായ ലക്ഷകണക്കിന് യുവജനങ്ങള്‍ തൊഴില്‍ രഹിതരായുള്ള ഒരു സമൂഹത്തില്‍ പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നത് വലിയ സാമൂഹ്യ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് എഐവൈഎഫ് അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉണ്ടാവുന്ന ഓരോ ഒഴിവുകളിലേക്കും ആയിരകണക്കിന് യുവജനങ്ങള്‍ അപേക്ഷ നല്‍കുകയും മത്സര പരീക്ഷകള്‍ എഴുതുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഈ യാഥാര്‍ത്ഥ്യത്തിന് നേരെ ആര്‍ക്കും കണ്ണടയ്ക്കാന്‍ കഴിയില്ല. മുന്‍പ് പല ഘട്ടങ്ങളിലും പെന്ഷന് പ്രായം വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഉണ്ടായപ്പോള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
പെന്ഷന് പ്രായം 57 വയസ്സാക്കി ഉയര്‍ത്തണമെന്ന ശമ്പള കമ്മിഷന്റെ ശുപാര്‍ശ ഒരു തരത്തിലും സര്‍ക്കാര്‍ അംഗീകരിക്കരുതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര് സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.