നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ലണ്ടന്‍: ആവേശപ്പോരാട്ടത്തിനൊടുവിൽ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ കൂറ്റന്‍ വിജയം. 368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിറങ്ങിയ ഇംഗണ്ട് 210 റൺസിന് എല്ലാവരും പുറത്തായി.

തകര്‍പ്പന്‍ പ്രകടനവുമായി ബൗളര്‍മാരാണ് ഇന്ത്യക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും ഓള്‍റൗണ്ട് മികവ് പുലര്‍ത്തിയ ശാര്‍ദുല്‍ ഠാക്കൂറിന്റെയും പ്രകടനങ്ങള്‍ നാലാം ടെസ്റ്റില്‍ നിര്‍ണായകമായി. സ്‌കോര്‍ ഇന്ത്യ: 191, 466. ഇംഗ്ലണ്ട്: 290, 210.

ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. പരമ്പരയിലെ അവസാന മത്സരം സെപ്റ്റംബര്‍ പത്തിന് മാഞ്ചസ്റ്ററില്‍ നടക്കും

368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും ചേര്‍ന്ന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ സ്‌കോര്‍ സ്‌കോര്‍ 100-ല്‍ നില്‍ക്കേ റോറി ബേണ്‍സിനെ ശാര്‍ദുല്‍ പുറത്താക്കി. 125 പന്തുകളില്‍ നിന്നും 50 റണ്‍സെടുത്ത താരം വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈയിലൊതുങ്ങി.

തുടർന്നെത്തിയ ഡേവിഡ് മലാന്‍ റണ്‍ ഔട്ടായി. വെറും അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതോടെ ഇംഗ്ലണ്ട് പതറി 193 പന്തുകളില്‍ നിന്നും 63 റണ്‍സെടുത്ത ഹസീബിനെ ജഡേജ ക്ലീന്‍ ബൗ ള്‍ഡാക്കി.

പിന്നാലെ വന്ന ഒലി പോപ്പിനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. ജോണി ബെയര്‍സ്‌റ്റോയെ പുറത്താക്കി ബുംറ വീണ്ടും ഇംഗ്ലണ്ടിന് ആഘാത മേൽപ്പിച്ചു.വിക്കറ്റ് നഷ്ടമില്ലാതെ 100 എന്ന സ്‌കോറില്‍ നിന്നും 147 ന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി.

പിടിച്ചുനിന്ന നായകൻ ജോ റൂട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കി ഉമേഷ് യാദവ് തന്നെ ക്രിസ് വോക്‌സിനെയും കുടുക്കി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഓവര്‍ട്ടണും റോബിന്‍സണും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. ആന്‍ഡേഴ്‌സണെയും മടക്കി ഉമേഷ് യാദവ് ഇംഗ്ലണ്ട് ഇന്നിം‌ഗ്സിന് അടിവരയിട്ടു,​

ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

spot_img

Related Articles

Latest news