താമരശ്ശേരി: 28ാമത് എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് ഇന്ന് തുടങ്ങും. വിരസതയുടെ അടച്ചിടല്‍ കാലത്ത് കലാവിഷ്‌കാരങ്ങള്‍ക്കും ആസ്വാദനങ്ങള്‍ക്കും അവധി നല്‍കാതെ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ചാണ് ഇത്തവണ സാഹിത്യോത്സവ് നടക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും. സാഹിത്യകാരൻ കൽപറ്റ നാരായണൻ മുഖ്യാതിഥിയായിരിക്കും. എസ് വൈ എസ് ജില്ലാ സെക്രട്ടറി കലാം മാവൂർ, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീർ സംസാരിക്കും. നാളെ വൈകീട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ഹക്കീം അസ്‌ഹരി ഉദ്ഘാടനം നിർവ്വഹിക്കും.
താമരശ്ശേരി അണ്ടോണയിൽ സജ്ജമാക്കുന്ന കൺട്രോൾ സെന്ററിൽ വെച്ചാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. ആധുനിക സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി നടക്കുന്ന പരിപാടികളുടെ തത്സമയ സംപ്രേഷണം എസ് എസ് എഫ് കോഴിക്കോട് ഫേസ്‌ബുക്ക് പേജ്, യൂട്യൂബ് ചാനൽ എന്നിവയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കും.
യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ജൂനിയര്‍, സീനിയര്‍, ക്യാമ്പസ്, ജനറല്‍ എന്നീ വിഭാഗങ്ങളിലായി 103 ഇനങ്ങളില്‍ രണ്ടായിരത്തിലേറെ പ്രതിഭകള്‍ മാറ്റുരക്കും. ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ തലങ്ങളില്‍ മത്സരിച്ച് മികവ് തെളിയിച്ചവരാണ് ജില്ലാ മത്സരങ്ങളില്‍ പങ്കെടുക്കുകയെന്ന് വാർത്താസമ്മേളനത്തിൽ ജില്ലാ ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് സ്വഫ്‌വാൻ സഖാഫി, ശഹ്ബാസ് ചളിക്കോട്, അനീസ് മുഹമ്മദ് ജി, അഫ്സൽ പറമ്പത്ത് പങ്കെടുത്തു.