മുക്കത്ത് കണ്ടൈൻമെന്റ് സോണിൽ കടകൾ തുറന്ന് വ്യാപാരി സമരം നടന്നു. നോട്ടീസ് നൽകി പോലീസ് ബലമായി അടപ്പിച്ചു. മുക്കം നഗര സഭയിലെ കെ.വി.വി.എ.എസ് മുക്കം യൂണിറ്റിന്റെ പിരിധിയിൽപ്പെട്ട പതിമൂന്നാം ഡിവിഷനിൽ കണ്ടൈൻമെന്റ് സോണിന്റെ പേരിൽ അടപ്പിച്ച മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നിർദ്ദേശപ്രകാരം യൂണിറ്റ് കമ്മറ്റി ആഹ്വാനം ചെയ്തിരുന്നു.
ആ തീരുമാനപ്രകാരം മേഖലയിലെ ഭൂരിപക്ഷം കച്ചവടസ്ഥാപനങ്ങളും ഇന്നലെ തുറന്നു പ്രവർത്തിച്ചു. ഉച്ചവരെ സുഗമമായി കച്ചവടം ചെയ്ത സ്ഥാപനങ്ങൾ രണ്ട് മണിയോടടുത്ത് പോലിസ് ബലമായി അടപ്പിക്കാൻ ശ്രമിക്കുകയും ചില കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
തുടർന്ന് നഗരസഭാ ചെയർമാൻ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ, ഹെൽത്ത് ഡിപ്പാർട്മെന്റ്, സൂപ്രണ്ട് തുടങ്ങിയവരുമായി സംഘടനാ പ്രധിനിധികളായ യൂണിറ്റ് പ്രസിഡന്റ് കെ.സി. നൗഷാദ്, ജില്ലാ സെക്രട്ടറി റഫീഖ് മാളിക, സെക്രട്ടറിയേറ്റ് അംഗങ്ങളായ നാസർ സുവർണ്ണ, ചന്തം മുഹമ്മദാലി, നൗഷാദ് എൻ. കെ.കെ., ആലി മയൂരി തുടങ്ങിയവർ ചർച്ച നടത്തി.
WIPR നിരക്കിന്റെ അടിസ്ഥാനത്തിൽ നഗര സഭയിൽ മൈക്രോ കണ്ടൈൻമെന്റ് സിസ്റ്റമാക്കാൻ കളക്ടറോട് ശുപാർഷ ചെയ്യാനും, അതിനു വേണ്ട നടപടി സ്വീകരിക്കാമെന്നും തിങ്കളാഴ്ച മുതൽ കടകൾ തുറക്കാനുള്ള അവസ്ഥ ഒരുക്കി തരാമെന്നും ചർച്ചയിൽ ഉറപ്പ് നൽകി. ആയതിനാൽ തിങ്കളാഴ്ച വരെ സമരം നിർത്തിവെക്കാൻ കമ്മറ്റി തീരുമാനിച്ചു.
സംഘടനയുടെ ആഹ്വാനപ്രകാരം വിലക്കുകൾ ലംഘിച്ച് കടകൾ തുറന്ന് സമരമുഖത്ത് ഇറങ്ങിയ മുഴുവൻ മെമ്പർമാർക്ക് യൂണിറ്റ് കമ്മറ്റി നന്ദി അറിയിച്ചു. സമരം ചെയ്തതിന്റെ പേരിൽ മെമ്പർ മാർക്ക് എന്തെങ്കിലും തരത്തിലുള്ള നിയമനടപടികളോ, പിഴയോ ഉണ്ടായാൽ അത് സംഘടന ഏറ്റെടുക്കുമെന്നു൦ സംഘടനാ നേതാക്കൾ അറിയിച്ചു.
സമരത്തിന് ഇസ്മായിൽ തങ്ങൾ, കരീം എം.ടി, ഷംജി വാരിയം കണ്ടി, ലത്തീഫ് ഇലക്ട്ര, സുഹാസ് ലാംഡ, അബ്ദുറഹിമാൻ കെ.ടി ട്രഡേഴ്സ്, സുനീർ സോന സെറാമിക് , സന്ദീപ് ടോട്ടൽ ബിൽഡ് മാർട്ട്, അസ്ലം ബാറ്ററി ഹൗസ്, അസ്ലം രാജധാനി ഫർണീച്ചർ, ഹരീഷ് ബൈക്ക് സുരക്ഷ, ഷിഹാബ് സിൻസ് ഗൾഫ് ബസാർ, റഷീദ് ലാംഡ തുടങ്ങിയവർ നേതൃത്വം നൽകി.