കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് (14-09-2021) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിനു വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3-30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. കിഫ്ബി മുഖേന അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗപ്പെടുത്തിയാണ് കെട്ടിടത്തിൻ്റെ പ്രവൃത്തി നടത്തിയിട്ടുള്ളത്.

പൂർത്തീകരിച്ച കെട്ടിടത്തിൽ 21 ക്ലാസ് റൂമുകളും ഇരുവശങ്ങളിലുമായി എല്ലാ നിലകളിലും ടോയ്ലറ്റ് സൗകര്യങ്ങളും സംവിധാനിച്ചിട്ടുണ്ട്.

കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കുട്ടികളുള്ള സ്കൂളാണ് കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ. 5 മുതൽ 12 വരെയുള്ള ക്ലാസുകളിലായി 2165 കുട്ടികളാണ് ഇവിടെ പഠിച്ചു വരുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 67 അധ്യാപകരും 8 അനധ്യാപക ജീവനക്കാരും ജോലി ചെയ്തുവരുന്ന ഈ സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 25 അധ്യാപകരുണ്ട്.

ജെ.ആർ.സി, സ്കൗട്ട് ആൻ്റ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് ഉൾപ്പെടെ 23 ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്ന ഈ സ്കൂളാണ് കഴിഞ്ഞവർഷം കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ ഓൺലൈൻ പരിപാടികൾ നടത്തിയിട്ടുള്ളത്. 373 കുട്ടികളെ എസ്.എസ്.എൽ.സി പരീക്ഷക്കിരുത്തി മുഴുവൻ പേരെയും വിജയിപ്പിക്കാൻ കഴിഞ്ഞ ഈ സ്കൂളിൽ ഈ വർഷം 319 കുട്ടികളാണ് എസ്.എസ്.എൽ.സി പരീക്ഷക്ക് തയ്യാറെടുക്കുന്നത്.

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന സ്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിൽ എം.എൽ.എ സഹ അധ്യക്ഷനും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യാതിഥിയുമായിരിക്കും.

spot_img

Related Articles

Latest news