താമരശ്ശേരി: റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 222 കോടി രൂപ ചെലവില്‍ കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാത അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നു. പ്രവൃത്തി ഉദ്ഘാടനം 11ന് വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷനാകും. സംസ്ഥാന പാതയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ഇതില്‍ കോഴിക്കോട് ജില്ലയുടെ ഭാഗമായ കൊയിലാണ്ടി മുതല്‍ എരഞ്ഞിമാവ് വരെയുള്ള 51.02 കി.മീ റോഡിന്റെ പുനര്‍നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ മാസങ്ങള്‍ക്ക് മുന്‍പാണ് പൂര്‍ത്തിയായത്. മലപ്പുറം ജില്ലയുടെ ഭാഗമായ റീച്ച് നേരത്തേ 160 കോടി രൂപക്ക് ടെന്‍ഡര്‍ പൂര്‍ത്തിയായിരുന്നു.
കൊയിലാണ്ടി പൂനൂര്, പൂനൂര് ഓമശ്ശേരി, ഓമശ്ശേരി എരഞ്ഞിമാവ് എന്നീ മൂന്ന് റീച്ചുകളുടെ നിര്‍മാണത്തിന് 222 കോടി രൂപയുടെ കരാര്‍ തിരുവനന്തപുരം ആസ്ഥാനമായ ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സിനാണ് ലഭിച്ചത്.
ആവശ്യമായ വീതി ലഭ്യമാകുന്ന ഇടങ്ങളില്‍ 12 മീറ്റര്‍ കാര്യേജ് വേ ആയി അത്യാധുനിക സൗകര്യങ്ങളോടെയാണ് റോഡിന്റെ പുനര്‍നിര്‍മാണം നടക്കുക. കലുങ്കുകള്‍, പാലങ്ങള്‍ എന്നിവയുടെ നിര്‍മാണവും പരിപാലനവും, െ്രെഡനേജുകള്, ടൈല്‍ വിരിച്ച ഹാന്റ് റെയിലോട് കൂടിയ നടപ്പാതകള്‍, പ്രധാന ജങ്ഷനുകളുടെ സൗന്ദര്യവത്കരണം, തെരുവുവിളക്കുകള്‍ തുടങ്ങി അത്യാധുനിക സംവിധാനത്തോടെയാണ് റോഡ് നവീകരിക്കുക.
ദേശീയ അടിസ്ഥാനത്തിലുള്ള ടെന്‍ഡറില്‍ ശ്രീധന്യക്ക് പുറമേ, യു.എല്‍.സി.സി.എസ്, ഇ.പി.ഐ, ചെറിയാന് വര്‍ക്കി എന്നിവരാണ് പങ്കെടുത്തത്. ഈ സീസണില്‍ പ്രവൃത്തി ആരംഭിക്കുന്ന പദ്ധതിയുടെ നിര്‍മാണ കാലയളവ് 18 മാസമാണെന്നും എം.എല്‍.എ അറിയിച്ചു. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാത തകര്‍ന്നതുമൂലം യാത്രക്കാര്‍ വലിയ പ്രയാസമാണ് നേരിടുന്നത്.
പാതയിലെ പലയിടത്തും ടാറിങ് പൊട്ടിപ്പൊളിഞ്ഞ് കാല്‍നട യാത്ര പോലും ദുര്‍ഘടമായിരിക്കുകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെ കടന്നു പോകുന്ന സംസ്ഥാന പാതയുടെ ശോച്യാവസ്ഥ മൂലം അപകടങ്ങളും പതിവാണ്. റോഡ് പുനരുദ്ധാരണത്തോടൊപ്പം കലുങ്കുകളുടെ നവീകരണം, മുക്കം പാലത്തിന്റെ അറ്റകുറ്റപ്പണികള്‍, വളവുകള്‍ നിവര്‍ത്തല്‍, െ്രെഡനേജ് തുടങ്ങിയവും അനിവാര്യമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.