ബേപ്പൂർ: മൺസൂൺകാല നിയന്ത്രണം നീങ്ങിയതിനാൽ ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പലുകളും ഉരുകളും അടുത്ത ദിവസം മുതൽ സർവീസ് പുനരാരംഭിക്കും. മർക്കന്റയിൽ മറൈൻ (സമുദ്ര വ്യാപാര ഗതാഗത) നിയമം അനുസരിച്ച് മൺസൂണിൽ മേയ് 15 മുതൽ സെപ്തംബർ 15 വരെ ഇടത്തരം ചെറുകിട തുറമുഖങ്ങൾ വഴി സാധാരണ യാത്രാ കപ്പലുകൾക്കും മറ്റു വെസലുകൾക്കും യാത്രാനുമതിയില്ല. വലിയ തുറമുഖങ്ങൾ വഴിയുള്ള കണ്ടെയ്നർ കപ്പലുകൾ, ദ്വീപിലേക്കുള്ള അവശ്യസാധനങ്ങൾ, ഇന്ധനം, പാചകവാതകം എന്നിവ എത്തിക്കാനുള്ള കപ്പലുകൾ, ബാർജ് എന്നിവ മാത്രമേ ഈ സമയത്ത് സർവീസ് നടത്താറുള്ളൂ.
നിയന്ത്രണം ബുധനാഴ്ച അവസാനിച്ചെങ്കിലും രണ്ടാഴ്ചയോളമായി തുടരുന്ന കാലാവസ്ഥാ വ്യതിയാനത്തിൽ ദ്വീപിലേക്കുള്ള യാത്രാ കപ്പലും ഉരുകളും പുറപ്പെട്ടിരുന്നില്ല. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ഉരുകളിൽ ചരക്ക് കയറ്റാനായി അടുത്ത ദിവസങ്ങളിൽ തുറമുഖത്ത് എത്തിത്തുടങ്ങും. കയറ്റി അയക്കേണ്ട ചരക്കുകളുടെ ബുക്കിങ് ആരംഭിച്ചതായി വെസൽ ഏജൻസി പ്രതിനിധി സുദർശൻ പറഞ്ഞു.
ദ്വീപിലേക്കുള്ള എല്ലാ അവശ്യസാധനങ്ങളും യന്ത്രവൽകൃത ഉരുകളിലാണ് കൊണ്ടുപോകുന്നത്. ഭക്ഷ്യ ഉല്പന്നങ്ങൾ, കെട്ടിട നിർമാണത്തിനുള്ള മെറ്റൽ, കല്ല്, ഇഷ്ടിക, കമ്പി, സിമന്റ്, മര ഉരുപ്പടികൾ തുടങ്ങിയ അസംസ്കൃത വസ്തുക്കളെല്ലാം മുഖ്യമായും ബേപ്പൂർ വഴിയാണ് അയക്കുന്നത്. സമീപ കാലത്തായി മംഗളൂരുവിൽ നിന്ന് കൂടുതൽ സാധനങ്ങൾ കൊണ്ടു പോകുന്നുണ്ട്. ഡീസൽ, പെട്രോൾ, മണ്ണെണ്ണ, പാചകവാതകം എന്നിവ ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷന്റെ കപ്പൽ, ബാർജ് എന്നിവയിലാണ് കൊണ്ടുപോകുന്നത്. നിരോധന കാലത്ത് ദ്വീപിലേക്കുള്ള കപ്പൽയാത്രക്ക് കൊച്ചിയെയാണ് ആളുകൾ ആശ്രയിക്കുക
തുറമുഖം സജീവമായാൽ ഇരുനൂറോളം കയറ്റിറക്ക് തൊഴിലാളികൾക്ക് തൊഴിലുണ്ടാകും. കണ്ടെയ്നർ നീക്കം തുറമുഖത്ത് സജീവമായത് തൊഴിലാളികൾക്ക് ചെറിയ ആശ്വാസമാണെങ്കിലും ഉരു സർവീസാണ് തുറമുഖത്തെ ഉണർത്തുന്നതും തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കുന്നതും