അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്‌ക്കെത്തിച്ചപ്പോൾ കണ്ടത് സ്വന്തം പിതാവിന്റെ മുഖം.

ഗൂഡല്ലൂര്‍: പുഴയില്‍ കമിഴ്ന്നു കിടക്കുകയായിരുന്ന അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്‌ക്കെത്തിച്ച്‌ തിരിച്ചുകിടത്തിയപ്പോള്‍ ഫയര്‍ സര്‍വീസ് ജീവനക്കാരന്‍ കണ്ടത് സ്വന്തം പിതാവിന്റെ മുഖം. ഗൂഡല്ലൂര്‍ ഫയര്‍ സര്‍വീസിലെ ബാലമുരുകനാണ് പിതാവ് വേലുച്ചാമിയുടെ (65) മൃതദേഹം പുഴയില്‍ നിന്നു കണ്ടെടുത്തത്. മൃതദേഹം കരയ്‌ക്കെത്തിച്ച്‌ നിിവര്‍ത്തി കിടത്തിയപ്പോഴാണ് താന്‍ നീന്തിയെടുത്തത് സ്വന്തം പിതാവിന്റെ ജഡമാണെന്ന് ബാലമുരുകന്‍ തിരിച്ചറിയുന്നത്. ഫയര്‍ സര്‍വീസില്‍ നിന്നു തന്നെ വിരമിച്ച വേലുച്ചാമി രണ്ടു ദിവസം മുന്‍പാണ് നാട്ടിലേക്കെന്നു പറഞ്ഞ് താമസസ്ഥലത്തു നിന്ന് ഇറങ്ങിയത്. വീട്ടുകാര്‍ പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇന്നലെ രാവിലെയാണ് പാണ്ഡ്യാര്‍ പുഴയിലെ ഇരുമ്ബുപാലം ഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടതായി വിവരം ലഭിച്ച്‌ ഫയര്‍ സ്റ്റേഷനില്‍ നിന്നു ബാലമുരുകനും സഹപ്രവര്‍ത്തകരും പുറപ്പെട്ടത്. കമിഴ്ന്നു കിടന്ന മൃതദേഹം കരയ്ക്കടുപ്പിച്ച ശേഷമാണു മുഖം ശ്രദ്ധിച്ചത്. പിതാവിന്റെ മൃതദേഹം കണ്ട് തളര്‍ന്നു പോയ ബാലമുരുകനെ ആശ്വസിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ ഏറെ പാടുപെടേണ്ടി വന്നു. നാഗലക്ഷ്മിയാണ് വേലുച്ചാമിയുടെ ഭാര്യ. മറ്റൊരു മകന്‍: ദിനേശ് കുമാര്‍.

spot_img

Related Articles

Latest news