കണ്ണൂർ :അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്താനായി തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയില്‍ നടത്തിയ റെയ്ഡില്‍ അനർഹമായ 14 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. ചപ്പാരപ്പടവിലെ എം.എ സ്റ്റോറില്‍ നടത്തിയ പരിശോധനയില്‍ റേഷന്‍ സാധനങ്ങള്‍ സൂക്ഷിച്ച നിലയിലും കണ്ടെത്തി. 32 ലധികം വീടുകളിലാണ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിധന നടത്തിയത്. അനര്‍ഹമായ ആറ് മുന്‍ഗണനാ കാര്‍ഡുകള്‍, രണ്ട് അന്ത്യോദയ കാര്‍ഡുകള്‍, ആറ് സബ്സിഡി കാര്‍ഡുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. വ്യാജ സത്യവാങ്മൂലം നല്കി അനധികൃതമായി കൈവശപ്പെടുത്തിയിട്ടുള്ള കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റും. കൂടാതെ ഇവരില്‍ നിന്നും 2021 ലെ കെടിപിഡിഎസ് ഉത്തരവ് പ്രകാരവും അവശ്യവസ്തു നിയമം വകുപ്പ് ഏഴ്, ക്രിമിനല്‍ നടപടിച്ചട്ടം 1973 എന്നിവ പ്രകാരവും പിഴയും അനർഹമായി വാങ്ങിയ റേഷന്റെ വിപണി വില ഈടാക്കുകയും ചെയ്യും. കൂടാതെ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും വിധം പ്രോസിക്യൂഷന് വിധേയരാക്കും. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ച് ഉപയോഗിക്കുന്നവര്‍ പിടിക്കപ്പെട്ടാല്‍ നിലവില്‍ 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപയാണ് പിഴ ഈടാക്കുന്നത്.
ചില റേഷന്‍ സാധനങ്ങള്‍ കാര്‍ഡുടമകള്‍ പൊതുവിപണിയില്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചപ്പാരപ്പടവിലെ എം.എ സ്റ്റോറില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്നും 61.5 കിലോ റേഷന്‍ പുഴുക്കലരിയും, 54 കിലോ റേഷന്‍ ഗോതമ്പുമാണ് പിടിച്ചെടുത്തത്. ഇവ തൊട്ടടുത്ത റേഷന്‍ കടയില്‍ ഏല്‍പ്പിച്ചു. എം.എ. സ്റ്റോറിനെതിരെ ഇസി ആക്ട് പ്രകാരം നടപടി സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് റെയ്ഡിന് നേതൃത്വം നല്കിയ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ.അനില്‍ പറഞ്ഞു.
റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ പി.വി.കനകന്, എ.വി. മഞ്ജുഷ, കെ.ജെയ്സ് ജോസ് എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.
Mediawings: