അഭ്യസ്തവിദ്യരും തൊഴിൽ നൈപുണ്യമുള്ളവരുമായ സ്ത്രീകളുടെ ഉന്നമനത്തിനായി തയ്യാറാക്കിയ കുടുംബശ്രീ യുവതി ആക്സിലറി ഗ്രൂപ്പ് പദ്ധതി പ്രഖ്യാപിച്ചു. പദ്ധതി മാർഗനിർദ്ദേശം കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീവിദ്യയ്ക്ക് കൈമാറി മന്ത്രി എം വി ഗോവിന്ദൻ പ്രകാശനം ചെയ്തു.
സ്ത്രീകൾ സ്വന്തം കഴിവുകൾ പ്രയോജനപ്പെടുത്താനാവാതെ ഒതുങ്ങിക്കൂടുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഒക്ടോബർ രണ്ടുമുതൽ ഇതിന്റെ സംഘടനാപരമായ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
അഭ്യസ്തവിദ്യരായ യുവതികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും സംരംഭങ്ങൾ കണ്ടെത്താനും അവരെ അതിന്റെ ഭാഗമാക്കാനും യുവ സംരഭകത്വ യൂണിറ്റുകളിലൂടെ സാധിക്കും. സ്ത്രീധനമടക്കമുള്ള സാമൂഹ്യ തിന്മകൾക്കെതിരെ ആർജ്ജവത്തോടെ പ്രതികരിക്കാനുള്ള ശേഷി നേടിയെടുക്കുന്നതിനുള്ള കരുത്തായി മാറാൻ കുടുംബശ്രീക്കും അതിന്റെ ഭാഗമായി വരുന്ന പുതിയ സംവിധാനത്തിനും സാധിക്കും.
കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ വാർഡുകളിലും 18 മുതൽ 40 വയസു വരെയുള്ള സ്ത്രീകളെ അംഗങ്ങളാക്കിയ ഗ്രൂപ്പുകൾ രൂപീകരിക്കും.