കോട്ടയം : പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസ്താവനക്കെതിരേ നാളിതുവരെ യാതൊരു നിയമനടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയും ഭരണഘടനാ ലംഘനവുമാണെന്ന് പൗരാവകാശ സംരക്ഷണ സമിതി. സംസ്ഥാനത്തെ രണ്ട് പ്രബല ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും പകയും ഉണര്‍ത്തുന്ന തരത്തിലായിരുന്നു ബിഷപ്പിന്റെ വിവാദപ്രസംഗം.
തങ്ങളുടെ വിശ്വാസികളെ ബോധവല്‍ക്കരിക്കാന്‍ വേണ്ടി മാത്രമായിരുന്നുവെന്ന് ചില ആളുകളുടെ വിശദീകരണം തൃപ്തികരമല്ല. ബിഷപ്പിന്റെ വിവാദപ്രസംഗത്തിലെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ ശാന്തിയും സമാധാനവും ഉദ്‌ഘോഷിക്കുന്ന ഇസ്‌ലാം മത വിശ്വാസത്തിനെതിരാണ്. അത് വിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തിയിട്ടുണ്ട്.
അതിനാല്‍, പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കുമെന്ന് പൗരാവകാശ സംരക്ഷണ സമിതി ഭാരവാഹികള്‍ കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വിവാദപ്രസംഗത്തില്‍ പ്രതിപാദിച്ച ലൗ ജിഹാദിന്റെയും നാര്‍ക്കോട്ടിക് ജിഹാദിന്റെയും തെളിവുകള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഒരു മതവിശ്വാസത്തിന്റെ ഉന്നത ഔദ്യോഗിക പദവി അലങ്കരിക്കുന്ന ബിഷപ്പിന് ബാധ്യതയുണ്ട്. ബിഷപ്പിന്റെ ആരോപണത്തില്‍ തെളിവുള്ള പക്ഷം കുറ്റക്കാര്‍ക്കെതിരേ മുഖംനോക്കാതെ അതിശക്തമായ നടപടി നിയമനടപടികള്‍ സ്വീകരിക്കണം.