ലോക സമാധാന ദിനാചരണത്തിന്റെ ഭാഗമായി ബ്രിസ്‌ബേനില്‍ യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഓഫ് ഓസ്‌ട്രേലിയ ആതിഥേയത്വം വഹിച്ച പരിപാടിയില്‍ സഹോദരിമാരായ തെരേസയും ആഗ്‌നസ് ജോയിയും 193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ ആലപിച്ചു. 100 ഭാഷകളിലുള്ള ദേശീയ ഗാനങ്ങളാണ് ഇവ. ഇവ മനപാഠമാക്കിയ സഹോദരിമാര്‍ ഗാനങ്ങള്‍ ആലപിക്കാന്‍ ആറ് മണിക്കൂര്‍ സമയമെടുത്തു. എന്നാല്‍ ഈ നീണ്ട പരിശ്രമം വെറുതെയായില്ല, ഇതോടെ സഹോദരിമാര്‍ ഒരു ലോക റെക്കോര്‍ഡാണ് സൃഷ്ടിച്ചിരിക്കുന്നത്.
എല്ലാ ദിവസവും രാവിലെ 5 മണിക്ക് ഉറക്കമുണരുന്ന സഹോദരിമാര്‍ രാവിലെ തന്നെ ദേശീയ ഗാനങ്ങള്‍ പഠിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പിന്തുടരുന്ന ശീലമാണിത്. ലോകമെമ്പാടുമുള്ള ദേശീയ ഗാനങ്ങള്‍ പാടാനും മന:പാഠമാക്കാനും ഇവര്‍ക്ക് വലിയ താത്പര്യമാണ്.
ഇത് ശീലമാക്കാന്‍ കാരണം പിതാവാണെന്ന് 21കാരിയായ തെരേസയും 18കാരിയായ ആഗ്‌നസും പറയുന്നു. 245 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ 193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ 100 ഭാഷകളില്‍ ആലപിച്ചതിനാണ് ഇവര്‍ക്ക് ലോക റെക്കോര്‍ഡ് ലഭിച്ചത്.
സെപ്റ്റംബര്‍ 21 ന് ലോക സമാധാന ദിനത്തില്‍ ബ്രിസ്‌ബേണിലെ സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ ഐക്യരാഷ്ട്രസഭയുടെ അസോസിയേഷന്‍ ഓഫ് ഓസ്‌ട്രേലിയ നടത്തിയ പരിപാടിയിലാണ് ആറ് മണിക്കൂര്‍ ശ്രമം നടന്നത്. മലയാളികളായ ഈ സഹോദരിമാര്‍ അക്ഷരമാലാക്രമത്തില്‍ രാജ്യങ്ങള്‍ തിരഞ്ഞെടുത്താണ് ഗാനമാലപിച്ചത്. അഫ്ഗാനിസ്ഥാനിന്റെ ദേശീയ ഗാനമാണ് ആദ്യമായി ആലപിച്ചത്.
‘ഞങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം ലോക സമാധാനമാണ്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ഒരു രാജ്യത്തെ പൗരന്മാരെ ബന്ധിപ്പിക്കുന്ന ശക്തിയാണ് ദേശീയ ഗാനങ്ങള്‍. ഇത് ഞങ്ങളുടെ യാത്രയുടെ തുടക്കം മാത്രമാണ്, ”ആഗ്‌നസ് ജോയ് എസ്ബിഎസ് മലയാളത്തോട് പറഞ്ഞു.
‘ഞങ്ങളുടെ ഉദ്ദേശ്യം ലോക റെക്കോര്‍ഡുകളോ പ്രതിഫലങ്ങളോ അല്ല. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഞങ്ങള്‍ ലോകസമാധാനത്തിനായി പ്രവര്‍ത്തിക്കുകയാണ്’ തെരേസ കൂട്ടിച്ചേര്‍ത്തു.
റെക്കോര്‍ഡ് ശ്രമം ആദ്യം 2020ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. ആദ്യം അമേരിക്കയിലും പിന്നീട് യുഎഇയിലും. എന്നാല്‍ കോവിഡ് -19 ആരംഭിച്ചതോടെ അത് റദ്ദാക്കി.
എന്നാല്‍, ക്വീന്‍സ്ലാന്‍ഡിലെ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിലൂടെ ബ്രിസ്‌ബേനില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, ഐക്യരാഷ്ട്ര സംഘടനയുടെ പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പരിപാടി തത്സമയം നടത്താന്‍ അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് തെരേസയും ആഗ്‌നസും പറഞ്ഞു.
റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശ്രമം കേവലം വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയല്ല. ലോകമെമ്പാടുമുള്ള സ്ത്രീകളെയും കുട്ടികളെയും സഹായിക്കാന്‍ ഈ സഹോദരിമാര്‍ ആഗ്‌നസ് ആന്‍ഡ് തെരേസ പീസ് ഫൗണ്ടേഷനും (ATPF) ആരംഭിച്ചിട്ടുണ്ട്. സമാധാനത്തിന്റെയും പ്രത്യാശയുടെയും ഐക്യത്തിന്റെയും സന്ദേശം പങ്കുവയ്ക്കുകയാണ് ഇതുവഴി ഈ സഹോദരിമാരുടെ ലക്ഷ്യം. ജോയ് കെ മാത്യു, ജാക്വലിന്‍ ജോയ് എന്നിവരാണ് ആഗ്‌നസിന്റെയും തെരേസയുടെയും മാതാപിതാക്കള്‍.
Mediawings: