സിവില്‍ സര്‍വീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ശുഭം കുമാറിനാണ് ഒന്നാംറാങ്ക്. ജാഗ്രതി അവസ്തി, അങ്കിത ജെയിന് എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം നേടി
ഇത്തവണ റാങ്ക് പട്ടികയില്‍ മലയാളിത്തിളക്കം ഏറെയാണ്. തൃശൂര്‍ സ്വദേശിനി കെ മീര ആറാം റാങ്കും കോഴിക്കോട് വടകര സ്വദേശി മിഥുന് പ്രേംരാജ് പന്ത്രണ്ടാം റാങ്കും നേടി. ഡോക്ടറായ പ്രേംരാജ് ജിയോഗ്രഫിയാണ് ഇഷ്ടവിഷയമായി തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് അക്കാദമിയിലായിരുന്നു പരിശീലനം. പരിശീലനം ലഭിച്ചാലും സ്വന്തം പ്രയത്നം തന്നെയാണ് ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്ന് മിഥുന് പ്രേംരാജ് പ്രതികരിച്ചു.
ആറാം റാങ്കുകാരിയായ തൃശൂര്‍ കോലഴി സ്വദേശിനി കെ മീര തന്റെ നാലാം ഊഴത്തിലാണ് സിവില്‍ സര്‍വീസ് സ്വന്തമാക്കിയത്. തൃശൂര്‍ എഞ്ചിനീയറിങ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് മീര. കഠിനപരിശ്രമത്തിലൂടെ ലക്ഷ്യബോധമുള്ള ആര്‍ക്കും നേടിയെടുക്കാന്‍ കഴിയുന്നതാണ് സിവില്‍ സര്‍വീസ് എന്ന് മീര പറഞ്ഞു.
ഇത്തവണ റാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സന്തോഷമെന്നും 299ാം റാങ്ക് നേടിയ അലക്സ് എബ്രഹാം പറഞ്ഞു. ഐപിഎസ് ആണ് അലക്സ് എബ്രഹാമിന്റെ ലക്ഷ്യം. തന്റെ ആറാമത്തെ ഊഴത്തിലാണ് സിവില്‍ സര്‍വീസ് എന്ന സ്വപ്നം 150 ാം റാങ്കുകാരിയായ മിന്നു നേടിയെടുത്തത്. പൊലീസുകാരനായ അച്ഛന്റെ പ്രചോദനവും ഒപ്പം പൊലീസ് ആസ്ഥാനത്തെ ക്ലര്‍ക്ക് ജോലിയും മിന്നുവിന് സ്വപ്ന സാക്ഷാത്ക്കാരത്തിന് കൂട്ടായി.
മലയാളികളായ കരിഷ്മ നായര്‍ 14ാം റാങ്ക് സ്വന്തമാക്കി. പി ശ്രീജ 20, അപര്‍ണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധന് 57, അപര്‍ണ്ണ എം ബി 62 ,പ്രസന്നകുമാര്‍ 100, ആര്യ ആര് നായര്‍ 113, കെഎം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖര്‍ 145, എ ബി ശില്പ 147, രാഹുല്‍ എല്‍ നായര്‍ 154, രേഷ്മ എഎല്‍ 256, അര്ജുന് കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മലയാളികൾ
Mediawings: