അപേക്ഷയുടെ സമയ പരിധി അവസാന ലാപ്പിലേക്ക്; തെറ്റുകൾ കാരണം വില്ലേജ് ഓഫീസുകളിൽ അപേക്ഷകൾ കുമിഞ്ഞു കൂടുന്നു
സമയപരിധി അവസാനിക്കാനിരിക്കേ, ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി. വിദ്യാർഥികൾക്കുള്ള പ്രി-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ നൽകാൻ രക്ഷിതാക്കളുടെ നെട്ടോട്ടം. വിദ്യാർഥികളുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും വില്ലേജ് ഓഫീസുകളിൽനിന്ന് ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുമാണ് രക്ഷിതാക്കൾ പ്രയാസപ്പെടുന്നത്.
സെപ്റ്റംബർ 30-നകം അപേക്ഷകൾ രേഖകൾ സഹിതം സ്കൂളുകളിൽ ഹാജരാക്കാനാണ് നിർദേശം. അക്കൗണ്ട് തുറക്കുന്നതിന് ആളുകൾ ഒരുമിച്ചെത്തിയതോടെ പല ബാങ്കുകളും നിയന്ത്രണം വെച്ചിരിക്കുകയാണ്.
വില്ലേജ് ഓഫീസുകളിലും അപേക്ഷകൾ കുമിയുന്നു. തെറ്റായ രീതിയിൽ അപേക്ഷ ലഭിക്കുന്നത് വില്ലേജ് ഓഫീസർമാർക്കും ഇരട്ടിപ്പണിയാകുന്നു. ഒരു കുടുംബത്തിൽ പരമാവധി രണ്ടു കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. രക്ഷിതാവിന്റെ വാർഷികവരുമാനം രണ്ടരലക്ഷം രൂപയിൽ കൂടരുത്. ഇ- ഡിസ്ട്രിക്ട് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നൽകണമെന്നാണ് നിർദേശം.
അക്ഷയ, ഇ- സേവന കേന്ദ്രങ്ങൾ മുഖേനയാണ് ജാതി, വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നത്. രക്ഷിതാവിന്റെ പേരിലാണ് വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്കിലും പലയിടങ്ങളിലും വിദ്യാർഥികളുടെ പേരിലാണ് അപേക്ഷിക്കുന്നത്.
സ്കൂൾ പ്രവേശനസമയത്ത് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരും പിന്നീട് മതപരിവർത്തനം നടത്തിയവരും മാത്രമേ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുള്ളൂ. എല്ലാവരും ജാതി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുകയാണ്. ഇത് വില്ലേജ് ഓഫീസർമാരുടെ സമയം അപഹരിക്കുകയും അധ്വാനം വർധിപ്പിക്കുകയും ചെയ്യുന്നു. രക്ഷിതാക്കൾ ഓരോ മക്കൾക്കുവേണ്ടിയും പ്രത്യേകം അപേക്ഷ നൽകുന്നതും കെണിയാകുന്നതായി വില്ലേജ് ഓഫീസർമാർ പറയുന്നു.
ബാങ്കുകളിൽ വിദ്യാർഥികളുടെ പേരിൽ അക്കൗണ്ട് തുറക്കലാണ് വലിയ വെല്ലുവിളി. അപേക്ഷകരുടെ എണ്ണം കൂടിയതോടെ ബാങ്കുകളും പ്രയാസത്തിലായി. മറ്റു ഇടപാടുകളെയും പ്രവർത്തനങ്ങളെയും ബാധിക്കുമെന്നതിനാൽ പല ബാങ്കുകളും അടുത്ത ദിവസങ്ങളിലൊന്നും അക്കൗണ്ട് തുറക്കാനാകില്ലെന്ന് പറഞ്ഞ് ആളുകളെ നിരുത്സാഹപ്പെടുത്തുകയാണ്.
അതേ സമയം, അപേക്ഷ നൽകുന്ന മുഴുവൻ ആളുകൾക്കും സ്കോളർഷിപ്പ് ലഭിക്കില്ല. ഫണ്ടിന്റെ ലഭ്യതയും മാർക്കും വിദ്യാർഥികളുടെ ജാതിയും കുടുംബത്തിന്റെ വരുമാനവുമെല്ലാം ആശ്രയിച്ചാണ് സഹായധനം ലഭിക്കുക. ഒന്നാം ക്ലാസിലൊഴികെ 80 ശതമാനത്തിലധികം മാർക്ക് ഉള്ളവരെയാണ് പരിഗണിക്കുക. രക്ഷിതാവിന്റെ വാർഷികവരുമാനം രണ്ടര ലക്ഷത്തിൽ താഴെയാകണം.