ബഹുസ്വരതയാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും ജനാധിപത്യമാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട സഭയുടെ പൊതുസഭയിൽ പ്രഖ്യാപിച്ചു. ജനാധിപത്യമാണ് ഇന്ത്യയിൽ വികസനം ഉറപ്പാക്കുന്നത്. ഇന്ത്യ വളരുമ്പോൾ ലോകവും മാറും. വികസനമെന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതാകണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
സമൂഹത്തെ കൊവിഡ് മഹാമാരി ദോഷകരമായി ബാധിച്ചു. കഴിഞ്ഞ ഒന്നരക്കൊല്ലമായി ലോകം കൊവിഡിനെതിരെ പോരാടുകയാണെന്ന് പറഞ്ഞ അദ്ദേഹം മരണപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനവും രേഖപ്പെടുത്തി.
ആവശ്യമുള്ള രാജ്യങ്ങൾക്ക് ഇന്ത്യ വാക്സിൻ നൽകും. ഇന്ത്യയിൽ വാക്സിൻ നിർമിക്കുന്നതിനായി എല്ലാ വാക്സിൻ കമ്പനികളെയും ക്ഷണിക്കുകയാണ്. ലോകത്തെ ആദ്യ ഡിഎൻഎ വാക്സിൻ ഇന്ത്യ വികസിപ്പിച്ച കാര്യം യുഎന്നിനെ അറിയിക്കുകയാണ്. 12 വയസ്സിനു മുകളിലുള്ള ആർക്കും ഈ വാക്സിൻ നൽകാം.
കൂടാതെ കൊവിഡിനെ ചെറുക്കാൻ നേസൽ വാക്സിൻ രാജ്യം ഉത്പാദിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ 50 കോടി ജനങ്ങൾക്ക് സൗജന്യ ആരോഗ്യ സേവനം നൽകുന്നതായും 40 കോടി ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്താൻ വിഷയവയും യു എന്നിൽ പ്രധാനമന്ത്രി ഉന്നയിച്ചു. അഫ്ഗാനിസ്താന്റെ ഭൂമി ഭീകരവാദത്തിന്റെ വിളനിലമാകരുതെന്നും അഫ്ഗാൻ ജനതയ്ക്ക് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സ്ത്രീകൾക്കും കുട്ടികൾക്കും സഹായവും വാഗ്ദാനം ചെയ്തു.
യുഎൻ പൊതുസഭയിൽ പാകിസ്താന് മുന്നറിയിപ്പ് നൽകാനും പ്രധാനമന്ത്രി മറന്നില്ല. ഭീകരവാദം വളർത്താൻ അഫ്‌ഗാന്റെ മണ്ണ് ഉപയോഗിക്കരുതെന്നും തീവ്രവാദം രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്നവർക്ക് അത് ഒടുവിൽ വിനയാകുമെന്നും പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി.
അതിർത്തി വ്യാപിപ്പിക്കലോ ചൂഷണം ചെയ്യലോ ഇന്ത്യയുടെ ലക്ഷ്യമല്ലെന്നും സമുദ്ര മേഖലകൾ കൈവശം വയ്ക്കാനുള്ള നീക്കത്തെ അംഗീകരിക്കാനാകില്ലെന്നും ചൈനയ്ക്ക് താക്കീത് നൽകിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.