പെരുവയൽ : ചരിത്രപ്രാധാന്യമുള്ള കല്ലായിപ്പുഴയുടെ ഉത്ഭവസ്ഥാനമായ പെരുവയൽ മുണ്ടക്കൽ ദേശത്തെ അരിയോറക്കുന്നിന്റെ താഴ് വാരത്തെ മുത്താച്ചിക്കുണ്ട് ഉൾപ്പടെയുള്ള സ്ഥലങ്ങൾ പൈതൃക സ്വത്തായി സംരക്ഷിക്കണമെന്നും കല്ലായിപ്പുഴയുടെ ഉത്ഭവം മുതൽ അറബിക്കടലിൽ ചേരുന്നത് വരെയുള്ള 23.300 കിലോമീറ്റർ ദൂരം വരുന്ന പുഴ തീരങ്ങൾ ടൂറിസ്റ്റ് ഡെസ്റ്റിഗ്നേഷൻ പദ്ധതി പ്രകാരം നവീകരിക്കണമെന്നും മലബാർ ഡവലപ്മെന്റ് ഫോറം ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര റിവർ ഡേ യോടനുബന്ധിച്ച് മലബാർ ഡവലെപ്പ്മെൻറ് ഫോറം കുന്ദമംഗലം കോഴിക്കോട് സൗത്ത് ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിൽ കോഴിക്കോടിൻ്റെ വികസനത്തിന് കല്ലായി പുഴയെ വീണ്ടെടുക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കോഴിക്കോട് കല്ലായി പുഴയുടെ തീരത്ത് നിന്ന് കല്ലായിപ്പുഴ ആരംഭിക്കുന്ന പെരുവയൽ പഞ്ചായത്തിലെ മുണ്ടക്കൽ മുത്താച്ചി കുണ്ടിലേക്ക് കല്ലായി പുഴ സംരക്ഷണ ജാഥയും പരിസ്ഥിതി പ്രവർത്തകരുടെ സംഗമവും നടന്നു.
സംഗമം പി.ടി.എ റഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. കല്ലായി പുഴയുടെ ഉത്ഭവസ്ഥാനം സംരക്ഷിക്കാനും നീരുറവ സംരക്ഷിക്കുന്നതിനും എല്ലാ ശ്രമങ്ങളും നടത്തുമെന്ന് എംഎൽഎ പറഞ്ഞു.
കോഴിക്കോട് നടന്ന മന്ത്രിതല യോഗത്തിൽ കല്ലായി പുഴയുടെ വികസനത്തിന് വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രോജക്ട് തയ്യാറാക്കുന്നതിന് വേണ്ടിയിട്ടുള്ള ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പുഴയുടെ ഉത്ഭവസ്ഥാനം ഇപ്പോൾ സ്വകാര്യ വ്യക്തികളുടെ കൈവശം ആണ് ഉള്ളത്. അത് പൈതൃക സ്വത്തായി ഏറ്റെടുക്കാനും നീരുറവ ശരിയായ രൂപത്തിൽ ഒഴുകുവാനും ഉള്ള പദ്ധതി തയ്യാറാക്കുമെന്നും അദ്ധേഹം പറഞ്ഞു. പുഴയുടെ ഉത്ഭവ സ്ഥലം എംഎൽഎയും മലബാർ ഡെവലപ്മെൻറ് ഫോറം പ്രവർത്തകരും സന്ദർശിച്ചു.
രാവിലെ എട്ടുമണിക്ക് എൽഡിഎഫ് സൗത്ത് ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കല്ലായിപ്പുഴ സംരക്ഷണ ജാഥ കല്ലായി പുഴ തീരത്ത് കോഴിക്കോട് ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു. കല്ലായിപ്പുഴയുടെ മാലിന്യങ്ങൾ മാറ്റുന്നതിനും പുഴയുടെ തീരങ്ങൾ വലയിട്ടു സംരക്ഷിക്കുന്നതിനും എം ഡി എഫ് നടത്തുന്ന ശ്രമങ്ങൾക്ക് കോർപ്പറേഷൻ എല്ലാവിധ പിന്തുണയും നൽകുമെന്ന് ഡെ. മേയർ പറഞ്ഞു
എം ഡിഎഫ് ഓർഗനൈസിങ് സെക്രട്ടറി പി.എ ആസാദിൻ്റെ നേതൃത്വത്തിൽ നടന്ന ജാഥയ്ക്ക് കോഴിക്കോട് സൗത്ത് ചാപ്റ്റർ മുഖ്യരക്ഷാധികാരി മുഹമ്മദ് നസീം പ്രസിണ്ടണ്ട് സി പി അബ്ദുറഹ്മാൻ ജനറൽ സെക്രട്ടറി പി അബ്ദുല്ലത്തീഫ് ഭാരവാഹികളായ ഐ പി ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.
പുഴയുടെ ഉൽഭവ സ്ഥാനത്ത് നടന്ന സംഗമത്തിൽ എം.ഡി.എഫ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ എടക്കുന്നി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എഴുത്തുകാരി സുമ പള്ളിപ്പുറം, വാർഡ് മെമ്പർ എ.പി റീന, എം.ഡി.എഫ് സെക്രട്ടറി ഫ്രീഡാ പോൾ, നദി സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ശബരി മുണ്ടക്കൽ , മടത്തിൽ അബ്ദുൾ അസിസ്, എം ഡി എഫ് ചാപ്റ്റർ ഭാരവാഹികളായ സുനിൽ കണ്ണോറ ,ജയപ്രകാശ് മോഹനൻ മുണ്ടക്കൽ എന്നിവർ സംസാരിച്ചു.
ചാപ്റ്റർ ജന. സെക്രട്ടറി പി മുഹമ്മദ് മുസ്ഥഫ സ്വാഗതവും ജാഥാ ക്യാപ്റ്റർ പി.എ അബ്ദുൽ കലാം ആസാദ് നന്ദിയും പറഞ്ഞു