കോഴിക്കോട്: വളർത്തുമൃഗങ്ങൾക്കുള്ള ലൈസൻസിനായി ഇനി അധികം കാത്തിരിക്കേണ്ട. ഓരോ അരുമകൾക്കും ഫീസ് നിശ്ചയിച്ചു. ചൊവ്വാഴ്ചത്തെ കൗൺസിൽ യോഗത്തിൽ ഇത് അംഗീകരിച്ചാൽ വേഗംതന്നെ അപേക്ഷ സ്വീകരിച്ച് തുടങ്ങും.
കന്നുകാലികൾക്ക് 100 രൂപയാണ് ഫീസ്. നായയ്ക്കും കുതിരയ്ക്കും 500, പൂച്ചയ്ക്ക് 100 രൂപ എന്നിങ്ങനെയാണ് ധനകാര്യസമിതി അംഗീകരിച്ച നിരക്ക്. അതേസമയം ബ്രീഡർ ലൈസൻസിന് നിരക്ക് കൂടും. നായകൾക്ക് ഇത് 1000 രൂപയും പൂച്ചകൾക്ക് 500 രൂപയുമാണ്.
അരുമകളെ ബ്രീഡ് ചെയ്ത് വിൽക്കുന്നവർക്കാണ് ഇത്തരം ലൈസൻസ് ഏർപ്പാടാക്കുന്നത്. മൈക്രോചിപ്പും ഘടിപ്പിക്കും. ഇതുവഴി മൃഗങ്ങളുടെ എല്ലാവിവരവും ലഭ്യമാകും. വളർത്തുമൃഗങ്ങൾ അലഞ്ഞുതിരിഞ്ഞാൽ എളുപ്പത്തിൽ കണ്ടെത്താനാകും. പലപ്പോഴും പ്രായമായ മൃഗങ്ങളെയും അസുഖമുള്ളവയെയും ഉപേക്ഷിക്കാറുണ്ട്. മൈക്രോചിപ്പ് ഘടിപ്പിച്ചാൽ ഉടമയെ എളുപ്പം കണ്ടെത്താനാകും. നേരത്തെ അലഞ്ഞുതിരിഞ്ഞുനടക്കുന്ന കന്നുകാലികളെ കണ്ടെത്തി പിഴയീടാക്കുകയും ഉടമകൾ എത്താത്തതിനെത്തുടർന്ന് ലേലം ചെയ്യുകയുമായിരുന്നു പതിവ്. മറ്റുള്ളവയുടെ കാര്യത്തിൽ നടപടികൾ ഉണ്ടാവാറില്ല.
ലൈസൻസ് ഏർപ്പെടുത്തുന്നതോടെ വളർത്തുമൃഗങ്ങളുടെ കണക്കെടുപ്പും സാധ്യമാകും. ലൈസൻസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദേശം വന്നിരുന്നു. അതോടെയാണ് | നടപടിക്രമങ്ങൾ വേഗത്തിലായത്. കന്നുകാലികൾ ഉൾപ്പെടെ അരുമമൃഗങ്ങളെയെല്ലാം തദ്ദേശസ്ഥാപനത്തിൽ രജിസ്റ്റർചെയ്ത് ലൈസൻസ് എടുക്കണമെന്നും ആറുമാസത്തിനുള്ളിൽ ഇത് ചെയ്യണമെന്നുമായിരുന്നു കോടതി നിർദേശം.
കൗൺസിൽ അംഗീകാരം ലഭിച്ചാൽ സോഫ്റ്റ്വേർ വഴി ഓൺലൈനായി അപേക്ഷ സ്വീകരിക്കാനാവും. സമയബന്ധിതമായി പൂർത്തിയാക്കാനാകുമെന്ന് കോർപ്പറേഷൻ ഓഫീസർ ഡോ. വി.എസ്. ശ്രീഷ്മ പറഞ്ഞു.