മുക്കം: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലും നഗരത്തിലും കനത്ത മഴയാണ് പെയ്യുന്നത്.
മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ചേവായൂർ , വെള്ളയിൽ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. കനത്ത മഴയെത്തുടർന്ന് നഗരത്തിലെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. രാത്രി 7.30 ഓടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.
മലയോര മേഖലയായ മുക്കത്ത് നിരവധികടകളിൽ വെള്ളം കയറിയതിനെ തുടർന്ന് വ്യാപക നാശനഷ്ട്ടങ്ങളാണ് ഉണ്ടായത്. ചൂലൂരിലും വെള്ളക്കെട്ട് രൂക്ഷമാണ്.
സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. തിങ്കളാഴ്ച ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിലും പാലക്കാട് മുതൽ വടക്കോട്ടുള്ള ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും.