കോഴിക്കോട് ജില്ലയിൽ കനത്ത മഴ; യെല്ലോ അലർട്ട്

കോഴിക്കോട് ജില്ലയിൽ കനത്ത മഴ. ജില്ലയിലെ പല ഭാഗത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കോഴിക്കോട് കാരശ്ശേരി തോട്ടക്കാട് ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. വയനാട്ടിലും കനത്ത മഴ തുടരുന്നു.

കാസര്‍കോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം വനത്തില്‍ ഉരുള്‍പ്പൊട്ടി. ആളപായമില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. റോഡിന് ഇരുവശവുമുള്ള സ്ലാബുകൾ തകർ‌ന്നു വീഴുകയും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. എന്നാൽ വീടുകൾക്കോ മറ്റോ നാശനഷ്ടം ഉണ്ടായില്ല.

ഇന്നലെ വൈകീട്ട് തുടങ്ങിയ മഴ രാത്രിയിലും തുടര്‍ന്നതോടെയാണ് പലയിടങ്ങളിലും വെള്ളം കയറിയത്. കൊളക്കാടൻ മലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാരശ്ശേരി ഊരാളിക്കുന്നുമലയിലും തോട്ടയ്ക്കാട് മലയിലും മലവെള്ളപ്പാച്ചിലുണ്ടായി. കടകളില്‍ വെള്ളം കയറിയതോടെ പലരും കടകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റി.

ഒക്ടോബർ 6 വരെ കോഴിക്കോട് ജില്ലയിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഒക്ടോബർ 2, 3, 4, 5, 6 തിയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്‌ഡി അറിയിച്ചു.

തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ ഘട്ടത്തിൽ ബന്ധുവീടുകളിലേക്കോ മറ്റു ഉയർന്ന പ്രദേശങ്ങളിലേക്കോ മാറി താമസിക്കാൻ തയാറാകണം.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവരും നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായതും സാധ്യത ഉള്ളതുമായ പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

spot_img

Related Articles

Latest news