ന്യൂഡല്‍ഹി: രാജ്യത്ത്15 വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകളുടെ രജിസ്ട്രേഷന് പുതുക്കാന്‍ നിലവിലുള്ളതിന്റെ എട്ടിരട്ടി തുക നല്‍കേണ്ടി വരും. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്ന പുതിയ പൊളിക്കല്‍ നയവുമായി ബന്ധപ്പെട്ട് ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ നിരക്കുകൾ അനുസരിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കുന്നതിന് എട്ടിരട്ടി തുക നല്‍കണം. വിജ്ഞാപനം അനുസരിച്ച് 15 വര്‍ഷം പഴക്കമുള്ള കാര്‍ പുതുക്കുന്നതിന് 5000 രൂപ ഈടാക്കും. നിലവില്‍ ഇത് 600 രൂപയാണ്. ബൈക്കുകള്‍ക്ക് ആയിരം രൂപ നല്‍കണം. നിലവില്‍ 300 രൂപയാണ്. 15 വര്‍ഷത്തിലേറെ പഴക്കമുള്ള ബസിന്റെയും ട്രക്കിന്റെയും രജിസ്ട്രേഷന് പുതുക്കുന്നതിന് 12,500 രൂപയാണ് ഫീസായി ഈടാക്കുക. നിലവില്‍ 1500 രൂപയാണ്. ട്രക്കിനും സമാനമായ നിരക്കാണ് ഈടാക്കുക എന്ന് വിജ്ഞാപനം പറയുന്നു.
സ്വകാര്യ വാഹനങ്ങള്‍ 15 വര്‍ഷം കഴിയുമ്പോള്‍ പുതുക്കണം. അഞ്ചുവര്‍ഷത്തേയ്ക്കാണ് പുതുക്കി നല്‍കുക. പിന്നീട് ഓരോ അഞ്ചുവര്‍ഷം കഴിയുമ്പോഴും അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് പുതുക്കണം. വാണിജ്യവാഹനങ്ങള്‍ എട്ടുവര്‍ഷം കഴിഞ്ഞാല്‍ ഓരോ വര്‍ഷവും ഫിറ്റ്നസ് പുതുക്കണം. രജിസ്ട്രേഷന് പുതുക്കുന്നതില്‍ കാലതാമസം വന്നാല്‍ സ്വകാര്യവാഹനങ്ങള്‍ക്ക് പ്രതിമാസം 300 രൂപ പിഴയായി ഈടാക്കും. വാണിജ്യ വാഹനങ്ങള്‍ക്ക് 500 രൂപ നല്‍കണം.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതില്‍ കാലതാമസം വന്നാല്‍ വാണിജ്യ വാഹനങ്ങള്‍ക്ക് പ്രതിദിനം 50 രൂപ വീതം പിഴ നല്‍കേണ്ടി വരും.
വാഹന രജിസ്ട്രേഷന് പുതുക്കാന്‍ നിലവിലുള്ളതിന്റെ എട്ടിരട്ടി തുകയാക്കി