കൊച്ചി : സ്ത്രീധന പീഡനത്തിനിരയായി നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യചെയ്ത കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കിരൺ കുമാറിനെതിരായ ഡിജിറ്റൽ തെളിവുകളുൾപ്പെടെ പരിഗണിച്ചാണ് കോടതി ഉത്തരവ്. 105 ദിവസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കിരൺ കുമാർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിയെ ഇനിയും കസ്റ്റഡിയിൽ വെയ്ക്കേണ്ട ആവശ്യമില്ലെന്നായിരുന്നു കിരൺകുമാറിന്റെ അഭിഭാഷകന്റെ പ്രധാനവാദം. വിസ്മയ ടിക് ടോക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങൾക്ക് അടിമയായിരുന്നു. പഠനത്തിൽ ശ്രദ്ധകുറഞ്ഞതോടെയാണ് ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തതെന്നും കിരണിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
എന്നാൽ കിരൺ നിരന്തരം വിസ്മയയെ പീഡിപ്പിച്ചിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതിന് തെളിവുണ്ട്. അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.