കൊച്ചി: കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പഴുതടച്ചതും വേഗത്തിലുള്ളതുമായ അന്വേഷണത്തിലൂടെ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് എറണാകുളം റൂറല്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടി നടത്തി.
എറണാകുളം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും, റൂറൽ ജില്ലാ പോലീസിന്‍റെയും സംയുക്താഭിമുഖ്യത്തിൽ പോക്സോ കേസുകളുടെ അന്വേഷണവും വിചാരണയും എന്ന വിഷയത്തിൽ നടത്തിയ സംവാദം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ റ്റി.എ. ഷാജി ഉദ്ഘാടനം ചെയ്തു.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് കെ. സോമൻ ഉദ്യോഗസ്ഥർക്കായി ക്ലാസ്സ് നയിച്ചു. സബ് ജഡ്ജ് എം.എസ്.സുരേഷ്, അഡീഷണൽ എസ്.പി കെ. ലാൽജി, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സക്കറിയ മാത്യു എന്നിവരും സംസാരിച്ചു.
നിയമങ്ങളിൽ കാലാകാലങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും കൃത്യമായി മനസ്സിലാക്കി സമയോചിതമായി അന്വേഷണം പൂർത്തിയാക്കിയാലെ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സാധിക്കുവെന്നും അതിന് ഇത്തരം പരീശീലന പരിപാടികൾ സഹായകരമാണെന്നും എസ്.പി കാർത്തിക്ക് പറഞ്ഞു.
റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്തെ കോൺഫ്രൻസ് ഹാളിൽ വച്ച് നടന്ന പരിപാടിയില്‍ ജില്ലയിലെ ഡി.വൈ.എസ്.പി മാരും, എസ്.എച്ച്.ഒ മാരും സബ്ബ് ഇൻസ്പെക്ടർ മാരും പങ്കെടുത്തു.