റിയാദ് – മെഡിക്കൽ മേഖലയിൽ കൂടുതൽ സൗദിവൽക്കരണം പ്രഖ്യാപിച്ചു. മെഡിക്കൽ ലബോറട്ടറികൾ, റേഡിയോളജി, ഫിസിയോതെറാപ്പി, ചികിത്സാ പോഷണം എന്നീ മേഖലകളിൽ മുഴുവൻ മെഡിക്കൽ സ്ഥാപനങ്ങളിലും 60 ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി അറിയിച്ചു. ഈ മേഖലകളിൽ സ്പെഷ്യലിസ്റ്റുകളുടെ മിനിമം വേതനം 7,000 റിയാലായും ടെക്നീഷ്യന്മാരുടെ വേതനം 5,000 റിയാലായും നിശ്ചയിച്ചിട്ടുണ്ട്.
മെഡിക്കൽ ഉപകരണങ്ങളുടെ വിൽപന, പരസ്യം എന്നീ മേഖലകളിൽ 2022 ഏപ്രിൽ 11 ന് നിലവിൽവരുന്ന ആദ്യ ഘട്ടത്തിൽ 40 ശതമാനവും 2023 ഏപ്രിൽ ഒന്നിന് നിലവിൽവരുന്ന രണ്ടാം ഘട്ടത്തിൽ 80 ശതമാനവും സൗദിവൽക്കരണമാണ് പാലിക്കേണ്ടത്.
സ്വകാര്യ സ്ഥാപനങ്ങളിൽ മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എൻജിനീയറിംഗ്, ടെക്നിക്കൽ പ്രൊഫഷനുകളിൽ 2022 ഏപ്രിൽ 11 ന് നിലവിൽവരുന്ന ആദ്യ ഘട്ടത്തിൽ 30 ശതമാനവും 2023 ഏപ്രിൽ ഒന്നിന് നിലവിൽവരുന്ന രണ്ടാം ഘട്ടത്തിൽ 50 ശതമാനവും സൗദിവൽക്കരണം പാലിക്കണം. ഇതുവഴി 8,500 ലേറെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. സൗദികളെ ജോലിക്കു വെക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് മന്ത്രാലയം പ്രോത്സാഹനങ്ങളും പിന്തുണകളും നൽകുകയും ചെയ്യും.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി ദന്ത ഡോക്ടർമാരുടെ മിനിമം വേതനം 7,000 റിയാലായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഫാർമസിസ്റ്റുകളുടെ മിനിമം വേതനവും 7,000 റിയാലായി നിശ്ചയിച്ചിട്ടുണ്ട്. സൗദിവൽക്കരണ അനുപാതത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള മിനിമം വേതനമാണിത്. ഇതിൽ കുറഞ്ഞ വേതനം ലഭിക്കുന്നവരെ നിർബന്ധിത സൗദിവൽക്കരണ അനുപാതത്തിൽ ഉൾപ്പെടുത്തില്ല.
സ്വദേശികൾക്ക് ആകർഷകവും സുസ്ഥിരവുമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദന്ത ഡോക്ടർമാരുടെയും ഫാർമസിസ്റ്റുകളുടെയും മിനിമം വേതനം വർധിപ്പിച്ചത്.
പുതിയ തീരുമാനം അടുത്തവർഷം ഏപ്രിൽ 11 മുതൽ പ്രാബല്യത്തിൽവരും. മൂന്നും അതിൽ കൂടുതലും ദന്ത ഡോക്ടർമാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് തീരുമാനം ബാധകമാണ്. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസിൽനിന്ന് ദന്ത ഡോക്ടർമാർ പ്രൊഫഷനൽ അക്രഡിറ്റേഷൻ നേടണമെന്ന് വ്യവസ്ഥയുണ്ട്. അക്രഡിറ്റേഷൻ നേടാത്ത സൗദി ദന്ത ഡോക്ടർമാരെയും സൗദിവൽക്കരണ അനുപാതത്തിൽ ഉൾപ്പെടുത്തില്ല.
അഞ്ചും അതിൽ കൂടുതലും ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്ന മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾക്കും പുതിയ തീരുമാനം ബാധകമാണ്. ഫാർമസിസ്റ്റുകളും സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാൽറ്റീസിൽ നിന്ന് പ്രൊഫഷനൽ അക്രഡിറ്റേഷൻ നേടിയിരിക്കണം.