പെലെയുടെ റെക്കോഡ് മറികടന്ന് ചരിത്രം കുറിച്ച് ഛേത്രി, സാഫ് കപ്പില്‍ ഇന്ത്യ ഫൈനലില്‍

മാലി: നിര്‍ണായകമായ മത്സരത്തില്‍ മാലിദ്വീപിനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. നേപ്പാളാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി.

 

ഇരട്ട ഗോളുകളുമായി തിളങ്ങിയ നായകന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഈ ഇരട്ട ഗോള്‍ നേട്ടത്തോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി പെലെയെ മറികടന്ന് ആറാം സ്ഥാനത്തെത്തി.

 

വിജയം മാത്രം ലക്ഷ്യം വെച്ച് കളിക്കാനിറങ്ങിയ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആതിഥേയരായ മാലിദ്വീപിനെതിരേ 33-ാം മിനിട്ടില്‍ മന്‍വീര്‍ സിങ്ങിലൂടെ ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. ബോക്‌സിനകത്തേക്ക് ലഭിച്ച ലോങ് പാസ് സ്വീകരിച്ച മന്‍വീര്‍ മാലി ഗോള്‍കീപ്പര്‍ ഫൈസലിന് ഒരു സാധ്യതയും നല്‍കാതെ അനായാസം പന്ത് വലയിലെത്തിച്ചു. എന്നാല്‍ ഇന്ത്യയുടെ ചിരിയ്ക്ക് 12 മിനിട്ടേ ആയുസ്സുണ്ടായിരുന്നുള്ളൂ.

 

45-ാം മിനിട്ടില്‍ പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ വെച്ച് പ്രീതം കോട്ടാല്‍ ഫൗള്‍ ചെയ്തതോടെ മാലിദ്വീപിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത അലി അഷ്ഫാഖിന് തെറ്റിയില്ല. പന്ത് അനായാസം വലയിലെത്തിച്ച് താരം ആതിഥേയര്‍ക്ക് സമനില സമ്മാനിച്ചു.

 

രണ്ടാം പകുതിയിലാണ് കളി മാറി മറിഞ്ഞത്. രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ 62-ാം മിനിട്ടില്‍ സുനില്‍ ഛേത്രിയിലൂടെ ലീഡെടുത്തു. മന്‍വീര്‍ നല്‍കിയ പാസ് സ്വീകരിച്ച ഛേത്രി തകര്‍പ്പന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ഇന്ത്യ 2-1 ന് മുന്നിലെത്തി.

 

ഒന്‍പത് മിനിട്ടുകള്‍ക്ക് ശേഷം ഛേത്രി ഇന്ത്യയുടെ വിജയമുറപ്പിച്ചുകൊണ്ട് വീണ്ടും ഗോളടിച്ചു. ഇത്തവണ ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് താരം വലകുലുക്കിയത്. ബോക്‌സിനകത്തേക്ക് വന്ന ഫ്രീകിക്ക് മികച്ച ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ഛേത്രി ഇന്ത്യയ്ക്കഭിമാനമായി.

 

ഈ ഇരട്ട ഗോളുകളോടെ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 79 ആയി. 123 മത്സരങ്ങളില്‍ നിന്നാണ് താരം 79 ഗോളുകള്‍ നേടിയത്. ഇതോടെ ഇതിഹാസ താരം പെലെയെ മറികടന്ന ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഛേത്രി ആറാം സ്ഥാനത്തേക്കുയര്‍ന്നു. പെലെയ്ക്ക് 77 ഗോളുകളാണുള്ളത്. ഒപ്പം ഇറാഖിന്റെ ഹുസ്സൈന്‍ സയീദ്, യു.എ.ഇയുടെ അലി മബ്ഖൗത്ത് എന്നിവരെയും മറികടന്നു. ഈ താരങ്ങള്‍ ഏഴാം സ്ഥാനത്താണ്. ഇരുവര്‍ക്കും 78 ഗോളുകളാണുള്ളത്.

 

നേപ്പാളുമായുള്ള ഇന്ത്യയുടെ ഫൈനല്‍ മത്സരം ഒക്ടോബര്‍ 16 ന് വൈകിട്ട് 8.30 ന് നടക്കും.

spot_img

Related Articles

Latest news