കരാറുകാരുമായി എംഎല്‍എമാര്‍ വരരുതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി പി. എ മുഹമ്മദ് റിയാസ്. നിലപാടില്‍ മാറ്റമില്ല. കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ പലയിടങ്ങളിലും ഒത്തുകളിക്കുന്ന കാര്യമാണ് ചൂണ്ടിക്കാട്ടിയത്.
ഇതുമായി ബന്ധപ്പെട്ട് താന്‍ ഖേദം പ്രകടിപ്പിച്ചുവെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. സിപിഎം നിയമസഭാ കക്ഷി യോഗത്തില്‍ താന്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല.
കരാറുകാരില്‍ ആരെങ്കിലും തെറ്റ് ചെയ്ത് വിവാദം വന്നതുകൊണ്ട് നിലപാടില്‍ അയവു വരുത്തില്ല. വിവാദങ്ങളിലൂടെ നാടിനെ തെറ്റായ വഴിയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും തെറ്റായ പ്രവണതയ്ക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും നിലപാടില്‍ നിന്നും ഒരടി പോലും പിറകോട്ട് പോകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും ചില കരാറുകാര്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എതിരു നില്‍ക്കാറുണ്ട്. അത്തരക്കാര്‍ക്ക് ഉദ്യോഗസ്ഥര്‍ കൂട്ടു നില്ക്കുന്ന കാര്യമാണ് നിയമസഭയില്‍ ചൂണ്ടിക്കാട്ടിയത്.
പ്രശ്നങ്ങള്‍ എംഎല്‍എമാര്‍ക്ക് ചൂണ്ടിക്കാട്ടാം. എന്നാല്‍ ഒരു മണ്ഡലത്തിലെ ജനപ്രതിനിധി മറ്റൊരു മണ്ഡലത്തിലെ കരാറുകാരന് വേണ്ടി സമീപിക്കുന്നത് ശരിയായ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു.