കർഷക സമരത്തിനെതിരെ മുഖം തിരിക്കുകയും, കർഷകരെ ഭീതികരമാം വിധം നേരിടുകയും ചെയ്യുന്ന മോഡി സർക്കാർ ഭാരതത്തിന്റെ അടിത്തറ തകർക്കുകയാണെന്ന് തൃശൂർ ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. ഇൻകാസ് – ഒ ഐ സി സി തൃശൂർ ജില്ലാ ഗ്ലോബൽ കോഡിനേഷൻ കമ്മിറ്റി നൽകിയ സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോർപ്പറേറ്റുകൾക്ക് ഭാരതത്തെ തീറെഴുതിക്കൊടുക്കുന്ന നിലപാടാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. ദിനം പ്രതി പെട്രോൾ വില വർധനവ് സാധാരണക്കാരന്റെ ജീവിതത്തെ എങ്ങിനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാൻ പോലും കേന്ദ്ര – കേരള സർക്കാരുകൾക്ക് സാധിക്കുന്നില്ല. ഫാസിസത്തിനെതിരെയുള്ള സന്ധിയില്ലാ സമരം നയിക്കാൻ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് മുന്നിട്ടിറങ്ങുമ്പോൾ, ഫാസിസത്തിനെതിരെ സംസാരിക്കാൻ നാവില്ലാത്ത ഭരണാധികാരിയാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇൻകാസ് – ഒ ഐ സി സി തൃശൂർ ജില്ലാ ഗ്ലോബൽ കോഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് എൻ പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോവിഡ് കാലത്തെങ്കിലും പ്രവാസികളെ വഞ്ചിക്കുന്ന നിലപാടിൽ നിന്ന് കേരള സർക്കാർ പിൻമാറണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പരിശോധനയുടെ പേരിൽ എയർപോർട്ടിൽ നടക്കുന്ന പകൽക്കൊള്ള ഇന്നും തുടർന്നു വരികയാണ്. ഗൾഫ് രാജ്യങ്ങളിൽ സ്കൂളുകൾ തുറന്നത് കൊണ്ട്, തിരികെ മടങ്ങുന്ന പ്രവാസി കുടുംബങ്ങൾക്ക് ഇത് അധിക ബാധ്യതയാണ്. ഈ പകൽക്കൊള്ളക്ക് നേരെ മുരടനക്കാൻ കേരള സർക്കാരിന് ഇതുവരെയും സാധിച്ചിട്ടില്ലെന്നത് പ്രവാസികളോട് ചെയ്യുന്ന കൊടും വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂർ ഡി സി സി ജനറൽ സെക്രട്ടറി രവി ജോസ് താണിക്കൽ, ഗ്ലോബൽ കോഡിനേഷൻ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് സുരേഷ് ശങ്കർ, ഇൻകാസ് യു എ ഇ ആക്ടിംഗ് പ്രസിഡന്റ് ടി എ രവീന്ദ്രൻ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇൻകാസ് – ഒ ഐ സി സി പ്രതിനിധികളാ എ പി മണികണ്ഠൻ, സുഭാഷ് ചന്ദ്രബോസ്, ജലിൻ തൃപ്രയാർ, ടി എ നാസർ, നസീർ തിരുവത്ര, ബി പവിത്രൻ, ഹമീദ് കണിച്ചാട്ടിൽ, രാജു തൃശൂർ, സോണി പാറക്കൽ,എൻ എ ഹസ്സൻ, അർഷദ് ദേശമംഗലം, ആന്റോ വാഴപ്പള്ളി, ഷാജു ജോസ്, ഫിറോസ് മുഹമ്മദാലി, താജുദ്ദീൻ, ഖാലിദ് തൊയക്കാവ് തുടങ്ങിയവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി കെ എം അബ്ദുൽ മനാഫ് സ്വാഗതവും, റിയാസ് ചെന്ത്രാപ്പിന്നി നന്ദിയും പറഞ്ഞു.