തൊടുപുഴ: ഇടുക്കി സംഭരണിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നതിന് മുന്നോടിയായി റെഡ് അലർട്ട് പുറപ്പെടുവിച്ചു. കനത്ത മഴയെ തുടർന്ന് സംഭരണിയുടെ വൃഷ്ടി പ്രദേശത്തെ വെള്ളമൊഴുക്ക് വർധിക്കുകയും ജലനിരപ്പ് 2397.38 അടിയായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചത്.
ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ രാവിലെ 11 മണിക്ക് ഉയർത്തും. രണ്ടു ഷട്ടറുകൾ 50 സെ.മീ വീതം ഉയർത്തി സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം ചെറുതോണിപ്പുഴയിലേക്ക് ഒഴുക്കിവിടും. ജലനിരപ്പ് 2,395 അടിയിലേക്ക് താഴ്ത്തി നിർത്തുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ അടിയന്തര തീരുമാനം.