മാലിന്യ മുക്ത കുന്ദമംഗലം എന്ന ലക്ഷ്യപ്രാപ്തിക്കായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ശുചിത്വ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു വരുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ശുചിത്വ ഗ്രാമസഭ സംഘടിപ്പിച്ചത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് മാലിന്യ സംസ്കരണം. ഇത് പരിഹരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ പരിപാലന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്.
സുരക്ഷിത മനുഷ്യ വിസര്‍ജ്ജ്യ നിര്‍മ്മാര്‍ജ്ജനം, ഖര-ദ്രവ്യ മാലിന്യ പരിപാലനം, കുടിവെള്ള ശുചിത്വം, പരിസര ശുചിത്വം എന്നിവയില്‍ പൂര്‍ണ നേട്ടം കൈവരിക്കുക എന്നതാണ് ഗ്രാമപഞ്ചായത്തിന്റെ ലക്ഷ്യം. ഇതിനായി ഗ്രാമപഞ്ചായത്തില്‍ രൂപീകരിച്ച ഹരിതകര്‍മ്മസേന സജീവമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ ചന്ദ്രന് തിരുവലത്ത്, യു.സി പ്രീതി, ശബ്ന റഷീദ്, മെമ്പര്‍മാരായ ഷൈജ വളപ്പില്‍, യു.സി ബുഷ്റ, മണ്ണത്തൂര്‍ ധര്‍മ്മരത്നന്‍, ലീന വാസുദേവന്‍ സംസാരിച്ചു.
ജില്ലാ ശുചിത്വ മിഷന് ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റ് സി.കെ രശ്മി, ഹരിത കേരള മിഷന് ജില്ലാ റിസോഴ്സ് പേര്‍സണ്‍ പി പ്രിയ പദ്ധതി വിശദാംശങ്ങള്‍ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍ സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സീന അശോകന് നന്ദിയും പറഞ്ഞു.