കുട്ടികള്‍ക്ക് ഹോമിയോ മരുന്ന് നല്‍കരുതെന്ന ഹര്‍ജി തള്ളി

കൊച്ചി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹോമിയോ മരുന്നുകള്‍പ്രതിരോധത്തിന് ഉപയോഗിക്കാമെന്ന് ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശമുണ്ടന്നും സുപ്രീംകോടതിയും ഹൈക്കോടതിയും ഇത് ശരിവെച്ചിട്ടുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു.

സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടേണ്ടേതില്ലെന്നും കോടതി വ്യക്തമാക്കി. പാലാരിവട്ടം സ്വദേശി ഡോ.സിറിയക് അബി ഫിലിപ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.

ഹര്‍ജിക്കാരന്‍ നിവേദനം നല്‍കിയിട്ടില്ലന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംഘടന നിവേദനം നല്‍കിയിട്ടുണ്ടന്ന വാദം കോടതി തള്ളി. ഹര്‍ജിക്കാരന്‍ നിവേദനം നല്‍കുകയാണങ്കില്‍ പരിഗണിക്കാനും നിര്‍ദേശിച്ചു.

പ്രതിരോധ മരുന്നായ ആഴ്‌സനികം ആല്‍ബം ഫലപ്രദമാണന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. ശാസ്ത്രീയ പഠനം നടത്തി സുരക്ഷിതമാണെന്ന് ഉറപ്പാക്കാതെയുള്ള മരുന്ന് വിതരണം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചു.

18 വയസില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാത്ത സാഹചര്യത്തില്‍ സ്‌ക്കൂളുകള്‍ തുറക്കുന്നത് കണക്കിലെടുത്താണ് ഹോമിയോ മരുന്ന് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

spot_img

Related Articles

Latest news