ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ പാക് പോരാട്ടം ഇന്ന്. ദുബായിൽ രാത്രി 7.30 മുതലാണ് സൂപ്പർ 12 റൗണ്ടിൽ രണ്ടാം ഗ്രൂപ്പിലെ വമ്പന്മാരുടെ പോരാട്ടം. 2013ന് ശേഷം ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഐസിസി ലോകകപ്പുകളിൽ ഇന്ത്യയെ ഒരു തവണ പോലും കീഴടക്കാൻ പാകിസ്താന് ആയിട്ടില്ല.
12 തവണയാണ് ലോകകപ്പുകളിൽ ഇന്ത്യപാക് പോരാട്ടത്തിന് കളം ഒരുങ്ങിയിട്ടുള്ളത്. ഈഡൻ ഗാർഡൻസിൽ 2016 മാർച്ച് 19നാണ് ഇന്ത്യ പാക് മത്സരം അവസാനമായി നടന്നത്. അന്ന് ആറ് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു. ദുബായിലെ ഇന്ത്യപാക്ക് മത്സരത്തിന്റെ ടിക്കറ്റുകളും വേഗം വിറ്റു തീർന്നു. നവംബർ 14നാണ് ഫൈനൽ.
മത്സരത്തിന് തലേദിവസം തന്നെ പാകിസ്താൻ തങ്ങളുടെ താരങ്ങളെ പ്രഖ്യാപിച്ചിരുന്നു. ബാബർ അസം നയിക്കുന്ന ടീമിൽ മുതിർന്ന താരങ്ങളായ മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക് എന്നിവർ ഇടം നേടിയപ്പോൾ മുൻ നായകൻ സർഫറാസ് അഹമ്മദിന് ഇടമില്ല. അതേസമയം ഇന്നത്തെ മത്സരത്തിലുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. പാകിസ്താൻ ശക്തരായ എതിരാളികളാണെന്നും ഇന്ത്യ മത്സരത്തിന് സജ്ജമാണെന്നും ക്യാപ്റ്റൻ വിരാട് കോഹ്ലി പ്രതികരിച്ചിരുന്നു.