തലശ്ശേരി : പാത്തിപ്പാലത്ത് പിഞ്ചു മകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ റിമാൻ്റിൽ കഴിയുന്ന പ്രതിയുടെ മാനസിക നില പരിശോധിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ജയിലധികൃതർക്ക് തലശ്ശേരി എ.സി.ജെ.എം.കോടതി നിർദ്ദേശം നൽകി. തലശ്ശേരി കുടുംബകോടതി ജിവനക്കാരൻ പാട്യം പത്തായക്കുന്നിലെ കെ.പി.ഷിനു എന്ന ഷിജുവിനെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മജിസ്ട്രേട്ട് എം.അനിലിൻ്റെ ഉത്തരവ്.
ഇപ്പോൾ റിമാൻ്റിൽ കഴിയുന്ന പ്രതിയെ തെളിവെടുക്കാനായി മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കേസന്വേഷിക്കുന്ന കതിരൂർ സി.ഐ. കെ.വി.മഹേഷ് നൽകിയ അപേക്ഷയെ തുടർന്ന് ഷിനുവിനെ തിങ്കളാഴ്ച രാവിലെ തന്നെ ജയിലിൽ നിന്നും കോടതിയിൽ ഹാജരാക്കിയിരുന്നു.
കേസ് പരിഗണിച്ചപ്പോൾ താൻ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് പ്രതി മജിസ്ട്രേട്ട് മുൻപാകെ ബോധിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ വിദ്യാരംഭ നാളിൽ വൈകിട്ടാണ് പാത്തിപ്പാലം വാട്ടർ അതോറിറ്റിക്ക് സമീപം പുഴയിൽ ഭാര്യ സോനയെയും കൈക്കുഞ്ഞായ മകൾ ഒന്നര വയസ് തികയാത്ത അൻവിതയെയും ഷിജു തള്ളിയിട്ടിരുന്നത്. മകൾ മുങ്ങിമരിച്ചിരുന്നു. ഭാര്യയെ നാട്ടുകാർ രക്ഷിച്ചു.
സംഭവത്തിന് ശേഷം സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട ഷിജുവിനെ പിറ്റേന്ന് മട്ടന്നൂർ മഹാദേവക്ഷേത്രക്കുളത്തിൽ ചാടി മരിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തിന് ശേഷം ഷിജുവിനെ ജോലിയിൽ നിന്നും ജില്ലാ ജഡ്ജ് സസ്പൻറ് ചെയ്തിരുന്നു