സപ്ലൈകോ സബ്സിഡി സാധനങ്ങൾ ഇനി റേഷൻ കടകൾ വഴിയും വിതരണം ചെയ്യും. ഇത് സംബന്ധിച്ച പൊതുവിതരണ വകുപ്പ് ഡയറക്ടറുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. ഇതോടെ സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ റേഷൻ കടകളിൽനിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങുവാൻ സാധിക്കും.
വ്യാപാരികളുമായി ധാരണയായാൽ അധികം വൈകാതെ തന്നെ റേഷൻ കടകളിൽ നിന്ന് സബ്സിഡി സാധനങ്ങൾ ലഭിച്ചുതുടങ്ങും. നഗരപ്രദേശത്തെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ സപ്ലൈകോ ഔട്ട്ലെറ്റുകളും മാവേലി സ്റ്റോറുകളും കുറവാണ്. അതുകൊണ്ടുതന്നെ സബ്സിഡി സാധനങ്ങളുടെ വിതരണം റേഷൻ കടകൾ വഴിയാക്കുന്നത് ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് പ്രയോജനകരമാകും.
ഇ പോസ് യന്ത്രങ്ങൾ വഴിയാകും റേഷൻകടകളിലെ വിതരണം. ഇത് കൃത്യത വർധിപ്പിക്കും.