പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയിലായി.

നിലമ്പൂർ: പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി അരീക്കോട് സ്വദേശി താന്നിപ്പറ്റ മുഹമ്മദ് ഫൈറൂസിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഒക്ടോബർ 22ന് നിലമ്പൂർ കോവിലകം റോഡിലുള്ള സുന്നി ജുമാമസ്ജിദിൽ നമസ്കാരത്തിനെത്തിയ ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശിയുടെ യൂണികോൺ ബൈക്ക് മോഷണംപോയ സംഭവത്തിൽ നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് പ്രതി അറസ്റ്റിലായത്.

ഇന്നലെ രാത്രി കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വെച്ചാണ് പ്രതി മോഷ്ടിച്ച ബൈക്ക് സഹിതം പിടിയിലായത്.
ഒരാഴ്ചക്കുള്ളിൽ മലപ്പുറം ജില്ലയിലെ പള്ളികളിൽ നിന്നും പണവും മൊബൈൽ ഫോണും, ബൈക്കുകളും മോഷണം പോകുന്നത് പതിവായതോടെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്‌ സുജിത്ദാസ് ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം നിലമ്പൂർ ഡിവൈഎസ്പി സജു കെ. അബ്രഹാമിൻ്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കോട്ടക്കൽ പള്ളിയിലെ നേർച്ചപ്പെട്ടി പൊളിച്ച് പണം മോഷ്ടിച്ചതും, കാടാമ്പുഴയിലെ പള്ളിയിൽ നിന്നും 16,000 രുപയും മൊബൈൽ ഫോണും മോഷ്ടിച്ചതും പ്രതി നിലമ്പൂരിൽ നിന്നും മോഷ്ടിച്ച ബൈക്കിലെത്തിയാണ് എന്നു കണ്ടെത്തിയിരുന്നു. ഒക്ടോബർ13ന് അരീക്കോട് ഉഗ്രപുരത്തെ പള്ളിയിൽ നമസ്കാരത്തിനു വന്ന ആളുടെ സ്കൂട്ടറും സമാന രീതിയിൽ മോഷണം പോയിരുന്നു. മോഷണം നടന്ന സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽ എല്ലാ കളവും നടത്തിയത് ഒരാൾ തന്നെയാണെന്നും മോഷണങ്ങൾക്കായ് പ്രതി വരുന്നതും പോകുന്നതും കോഴിക്കോട് ഭാഗത്തു നിന്നാണെന്നും കണ്ടെത്തിയിരുന്നു.

തുടർന്ന് കോഴീക്കോട് ഭാഗത്തെ റെയിൽവേ സ്റ്റേഷനുകളും, ലോഡ്ജുകളും കേന്ദ്രീകരിച്ചു പ്രത്യേക സംഘം നിരീക്ഷണം നടത്തി വരുന്നതിനിടയിൽ കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്തുവെച്ച് മോഷ്ടിച്ച ബൈക്ക് സഹിതം പ്രതി പോലീസ് പിടിയിലായത്. കോഴിക്കോട്, കാവനൂർ എന്നിവടെങ്ങളിലെ പള്ളികളിൽ മോഷണം നടത്തിയതിന് പ്രതി ജയിൽവാസമനുഭവിച്ചിട്ടുണ്ട് എന്ന് അന്വേഷണത്തിൽ മസസ്സിലായി. വിവിധ പള്ളികളിൽ സമാന രീതിയിൽ പ്രതി നടത്തിയ മോഷണത്തെ കുറിച്ച് കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തി വരുന്നു. ലഹരി വസ്തുക്കൾ വാങ്ങുന്നതിനും ആഢംഭര ജീവിതം നയിക്കുന്നതിനുമാണ് പ്രതി മോഷണം നടത്തിയിരുന്നത്. നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ ബിനു.ടി.എസ്. എസ്‌ഐമാരായ നവീൻ ഷാജ്, എം.അസ്സൈനാർ, കെ.സി. കുഞ്ഞുമുഹമ്മദ്, എസ്‌സിപിഒ മുഹമ്മദാലി, സി പിഓമാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ‘

spot_img

Related Articles

Latest news