തിരുവനന്തപുരം: മയക്കുമരുന്ന് കള്ളപ്പണക്കേസിൽ ജാമ്യം തേടി പുറത്തിറങ്ങിയ ബിനീഷ് കോടിയേരി തിരുവനന്തപുരത്തെ വീട്ടിലെത്തി. കോടിയേരി ബാലകൃഷ്ണനും കുടുംബാംഗങ്ങളും ചേർന്നാണ് ബിനീഷിനെ വീട്ടിലേക്ക് സ്വീകരിച്ചത്.
ബിനീഷിന് ഇപ്പോഴെങ്കിലും ജാമ്യം കിട്ടിയതിൽ വളരെ സന്തോഷമുണ്ട്. ഒരു കൊല്ലത്തിന് ശേഷമാണ് മകനെ കാണുന്നത്. കേസ് കോടതിയിലായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇനിയും എത്തുമോയെന്ന ചോദ്യത്തോടും കോടിയേരി പ്രതികരിച്ചു. ഇക്കാര്യം പിബിയാണ് തീരുമാനിക്കേണ്ടതെന്നാണ് കോടിയേരിയുടെ മറുപടി.
ഞായറാഴ്ച രാവിലെ പത്തരയോടെ ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് തിരുവനന്തപുരത്ത് എത്തിയത്. ബിനീഷിനെ സ്വീകരിക്കാൻ നൂറു കണക്കിന് പേരാണ് വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നത്.
ആദ്യം അച്ഛനെയും അമ്മയെയും ഒന്നു കാണട്ടെ, ബാക്കി എന്നിട്ട് പറയാമെന്നായിരുന്നു വിമാനത്താവളത്തില്‍ ഇറങ്ങിയ ബിനീഷിന്റെ ആദ്യ പ്രതികരണം.
ഇഡിയുടെ ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതാണ് താൻ ജയിലിലാകാൻ കാരണം. വീട്ടിലേക്ക് വരുന്നത് ഒരു വർഷം കഴിഞ്ഞാണ്. വൈകിയാണെങ്കിലും നീതി ലഭിച്ചു. അതിന് കോടതിയോട് നന്ദിയുണ്ടെന്നും ബിനീഷ് പറഞ്ഞു.