കൊച്ചി: മോൻസൻ മാവുങ്കലിനെതിരെയുള്ള പോക്സോ പീഡന കേസില്‍ രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്തു. പോക്സോ കേസിലെ അതിജീവിതയുടെ പരാതിയിലാണ് കളമശ്ശേരി മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.
മുറിയിൽ പൂട്ടിയിട്ട് ഡോക്ടർമാർ ഭീഷണിപ്പെടുത്തിയെന്നാണ് അതിജീവിതയുടെ പരാതി. വൈദ്യ പരിശോധനക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം. കൊച്ചി നോർത്ത് വനിത പൊലീസ് സ്റ്റേഷനിലെത്തി സംഭവദിവസം തന്നെ പെൺകുട്ടി നേരിട്ട് പരാതി നൽകിയിരുന്നു. സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് മെഡിക്കൽ കോളേജിലെത്തി ഡോക്ടർമാരുടെ മൊഴിയെടുക്കും.
കോടതിയില്‍ രഹസ്യമൊഴി എടുക്കുന്നതിന് മുമ്പായി വൈദ്യപരിശോധനക്ക് എത്തിയപ്പോഴാണ് സംഭവം. മോന്‍സൻ്റെ കേസില്‍ നേരത്തെ വൈദ്യ പരിശോധന കഴിഞ്ഞതാണ്. മേക്കപ്പ് മാൻ ജോഷിക്കെതിരായ കേസിൽ പരിശോധന നടത്താന്‍ പൊലീസ് ആദ്യം ആലുവ താലൂക്ക് ആശുപത്രിയിലെത്തി.
ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോകാന്‍ നിർദ്ദേശിച്ചു. പന്ത്രണ്ടേ മുക്കാലിന് കളമശ്ശേരിയില്‍ എത്തി. ഒരു മണിക്ക് ആന്റിജന്‍ പരിശോധന നടത്തി. തുടര്‍ന്ന് ഗൈനക്ക് ഒപിയിലെത്താൻ നിര്‍ദ്ദേശിച്ചു.
ആര്‍ത്തവമായതിനാല്‍ വൈദ്യപരിശോധന ഇന്ന് സാധ്യമല്ല എന്ന് കാട്ടി ഡോക്ടർമാർ റിപ്പോർട്ട് നല്കിയാൽ മതിയാവും. എന്നാല്‍, രണ്ടേകാൽ മണിവരെ ഒരു പരിശോധനയും നടത്തിയില്ല. മൂന്ന് മണിക്ക് മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്കാന് എത്തേണ്ടതാണെന്ന് കൂടെയുണ്ടായിരുന്ന പൊലീസുകാരും പെണ്‍കുട്ടിയുടെ ബന്ധുവും ഡോക്ടർമാരെ അറിയിച്ചിരുന്നു.
പിന്നീട് മൂന്ന് ഡോക്ടര്‍മാരുള്ള മുറിയിലേക്ക് വിളിപ്പിച്ച് തന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
മോൻസന്റെ വീട്ടില്‍ അമ്മയുടെ കൂടെ പോകേണ്ട കാര്യമെന്തായിരുന്നു? അച്ഛനുമായി നിങ്ങള്‍ സ്ഥിരം വഴക്കല്ലേ മോൻസന്റെ മകന് ഈ കോളേജില്‍ പഠിച്ചിട്ടുണ്ട്. നല്ല കുടുംബമാണ് മോൻസന്റേത് എന്നൊക്കെയായിരുന്നു ഡോക്ടർമാരുടെ ചോദ്യങ്ങള്‍. പൊലീസിന് കൊടുത്ത മൊഴി ഉൾപ്പെടെ പെണ്‍കുട്ടിയോട് വിശദമായി ചോദിക്കാൻ തുടങ്ങി.
ഇതിനിടെ ഭക്ഷണവുമായി എത്തിയ ബന്ധു കോടതിയിൽ പോകേണ്ട കാര്യം ഓർമിപ്പിച്ചപ്പോള് മുറി അകത്ത് നിന്ന് പൂട്ടിയിട്ടെന്ന് പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് ബലമായി വാതല് തള്ളിതുറന്ന് ഇരുവരും പുറത്തേക്കോടി.
പിറകെ സെക്യൂരിറ്റിയും ഡോക്ടർമാരും. പൊലീസ് ജീപ്പില്‍ കയറി നേരെ കോടതിയിലേക്ക് പോകുകയായിരുന്നു. നടന്ന കാര്യങ്ങള്‍ മുഴുവൻ മജിസ്ട്രേറ്റിനെ ധരിപ്പിച്ചു. മജിസ്ട്രറ്റിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം ജനറൽ ആശുപത്രിയിലാണ് പിന്നീട് മെഡിക്കല്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് രാത്രി ഏഴ് മണിയോടെ പെണ്‍കുട്ടി കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെട്ടു.
വനിതാ പൊലീസ് ഇല്ലാത്തിനാല്‍ രേഖാമൂലം പരാതി നല്കാന് ആവശ്യപ്പെട്ട് പെൺകുട്ടിയെ തിരിച്ചയക്കുകയായിരുന്നു. പരിശോധനയ്ക്കിടെ പെൺകുട്ടി മുറിയില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് പറഞ്ഞ് ഡോക്ടർമാരും ഫോണില്‍ പൊലീസിനോട് പരാതി പറഞ്ഞിട്ടുണ്ട്. പരിശോധനക്ക് കാലതാമസം വരുത്തിയിട്ടില്ലെന്നും അറിയേണ്ട കാര്യങ്ങൾ മാത്രമേ പരിശോധനക്കിടെ ചോദിച്ചിട്ടൂള്ളൂ എന്നുമാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പ്രതികരിച്ചത്.