മാനവരാശിയുടെ സംരക്ഷണത്തിനായി ലോകരാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടി പരാജയപ്പെട്ടാല്‍ നാം നമ്മുടെ ശവക്കുഴി തോണ്ടുന്നതിന് തുല്യമായിരിക്കുമെന്ന ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ വാക്കുകള്‍ ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുണ്ട്.
പാരിസ് ഉടമ്പടിയില്‍ വീണ്ടും ചേരുന്നതിന് സന്നദ്ധമായ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടി ശുഭോദര്‍ക്കമാണ്. ആഗോളതാപനം 1.5 ഡിഗ്രിയായി കുറയ്ക്കണമെന്ന പാരിസ് ഉടമ്പടി ലക്ഷ്യത്തിനായി യുഎസും വികസിത യൂറോപ്യന്‍ രാജ്യങ്ങളും കൂടുതല്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണം.
വികസ്വര രാജ്യങ്ങള്‍ക്ക് ഈ ലക്ഷ്യത്തിലേക്ക് സാമ്പത്തികസഹായം ലഭ്യമാക്കണമെന്നും കോര്‍പറേറ്റ് താല്പര്യങ്ങള്ക്കായി പരിസ്ഥിതിയെ ബലികഴിക്കരുതെന്നും സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.