റിയാദ്: തമിഴ്നാട് സ്വദേശിയായ സുബ്രഹ്മണ്യന് സൗദി ജയിലിൽ നിന്നും മോചനം സാധ്യമാക്കിക്കൊണ്ട് വീണ്ടും പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ ഇടപെടൽ.
പഞ്ചാബി സ്വദേശിയായ ദർശൻ സിംഗിന്റെയും കാശ്മീരി സ്വദേശിയായ ഗഫൂർ ഹുസൈന്റെയും മോചനവുമായി ബന്ധപ്പെട്ട് പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയും ഡിപ്ലോമാറ്റിക് ജനറൽ സെക്രട്ടറി അൻഷാദ് കരുനാഗപ്പള്ളിയും നിരന്തരം അൽഹൈർ ജയിൽ സന്ദർശിക്കുകയും രണ്ടുപേരുടെയും മോചനം യാഥാർഥ്യമാക്കുകയും ചെയ്ത അവസരത്തിൽ 12 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന മലയാളികളായ രണ്ടുപേർ പ്ലീസ് ഇന്ത്യ പ്രവർത്തകരെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിക്കുകയുണ്ടായി. തുടർന്ന് സജീർ സൈനുലബ്ദ്ധീൻ എന്ന മലയാളിയുടെ മോചനവും സാധ്യമാക്കി നാട്ടിലേക്കു യാത്രയാക്കി. ഇതേ തുടർന്ന് നിരന്തരമായി ജയിലിൽ നിന്ന് ലത്തീഫ് തെച്ചിക്കും അൻഷാദ് കരുനാഗപ്പള്ളിക്കും കോളുകൾ വരുന്ന സാഹചര്യത്തിൽ ഇരുവരും ഇത്തരം കേസുകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും ഇന്ത്യൻ എംബസിയുടെ സഹായത്തോടുകൂടി അവരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്ത് വരികയായിരുന്നു.
കൊല്ലം സ്വദേശിയുടെ മോചനവുമായി ബന്ധപ്പെട്ട് ജയിൽ സന്ദർശിക്കാൻ പോയ പ്ലീസ് ഇന്ത്യ ഡിപ്ലോമാറ്റിക് ജനറൽ സെക്രട്ടറി അൻഷാദ് കരുനാഗപ്പള്ളിയെ ജയിലിൽ നിന്നും സുബ്രഹ്മണ്യൻ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. ഹൗസ് ഡ്രൈവറായി സൗദിയിലെത്തിയ സുബ്രഹ്മണ്യൻ താൻ ഓടിച്ചിരുന്ന കാർ മോഷണം പോയതുമായി ബന്ധപ്പെട്ടിട്ടുള്ള കേസിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞ 6 വർഷമായി ചെയ്യാത്ത തെറ്റിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന സുബ്രഹ്മണ്യന് ഇനിയും ശിക്ഷ ബാക്കി നിൽക്കവേയാണ് അൻഷാദ് കരുനാഗപ്പള്ളിയുടെ നിരന്തര ശ്രമഫലമായി മോചനം സാധ്യമായത്.
റിയാദ് ലെ പ്രശസ്തനായ ക്രിമിനൽ വക്കീൽ അബ്ദുല്ലാ മിസ്ഫർ അൽ ദോസരിയുടെ* സഹായത്തോടെ
പരാതിക്കാരനായ സൗദിയെ ബന്ധപ്പെട്ടു കാര്യങ്ങള് ബോധ്യപ്പെടുത്തുകയും പരാതിക്കാരനായ സൗദിയുടെ സഹായത്തോടെ കോടതിയെ സമീപിച്ചു സുബ്രഹ്മണ്യന്റെ ജയിൽ മോചനം നേടിയെടുക്കുകയും ആയിരുന്നു . കഴിഞ്ഞ ദിവസം റിയാദിൽ നിന്നും ടിക്കറ്റ് നൽകി സുബ്രഹ്മണ്യനെ പ്ലീസ് ഇന്ത്യ പ്രവർത്തകർ നാട്ടിലേക്ക് യാത്രയാക്കി.
നാട്ടിലെത്തിയ സുബ്രഹ്മണ്യനും കുടുംബവും പ്ലീസ് ഇന്ത്യ പ്രവർത്തകർക്ക് നന്ദി അറിയിച്ചു.
പ്ലീസ് ഇന്ത്യയുടെയും വെൽഫെയർ വിംഗിന്റെയും ഡിപ്ലോമാറ്റിക് വോളന്റിയർമാരുടെയും ഹെൽപ്പ് ഡെസ്കിന്റെയും നിരന്തര ഇടപെടൽ ജയിലിൽ കിടക്കുന്നവർക്ക് പോലും പ്രതീക്ഷ നൽകുന്നു എന്നുള്ളതിൽ സന്തോഷമുണ്ടെന്നും നിയമപരമായ സഹായം തേടുന്നതിന്റെ ഭാഗമായി ഇന്ത്യൻ എംബസിയുടെയും റിയാദ് ഗവർണറേറ്റിന്റെയും സൗദി വക്കീലന്മാരുടെയും നിയമോപദേശങ്ങൾ പ്ലീസ് ഇന്ത്യ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും സന്ദർഭത്തിനും സാഹചര്യത്തിനും അനുസരിച്ച് അവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്യുമെന്നും അർഹതപ്പെട്ടവർക്ക് സൗജന്യമായി നിയമസഹായം ചെയ്തു കൊടുത്തുവരികയാണെന്നും നീതി നിഷേധിക്കപ്പെട്ടവർ ക്ക് നീതി ലഭ്യമാക്കി കൊണ്ട്, ടിക്കറ്റ് ഇല്ലാത്തവർക്ക് പബ്ലിക്കിൽ നിന്നും പ്ലീസ് ഇന്ത്യയുടെ നേതൃത്വത്തിൽ ടിക്കറ്റ് ലഭ്യമാക്കികൊണ്ട്, അവരുടെ മോചനത്തിനുള്ള ശ്രമങ്ങൾ നിരന്തരം നടത്തിവരികയാണെ ന്നും ലത്തീഫ് തെച്ചിയും അൻഷാദ് കരുനാഗപ്പള്ളിയും അറിയിച്ചു.
പ്ലീസ് ഇന്ത്യയുടെ ഗ്ലോബൽ നേതാക്കളായ അഡ്വക്കറ്റ്: ജോസ് അബ്രഹാം, നീതു ബെൻ, അഡ്വക്കറ്റ് റിജി ജോയ്, മൂസ്സ മാസ്റ്റർ, വിജയശ്രീരാജ്, റബീഷ് കോക്കല്ലൂർ ,സുധീഷ അഞ്ചുതെങ്ങ്, സൂരജ് കൃഷ്ണ,ഷബീർ മോൻ, തുടങ്ങിയവർ വിവിധ ഘട്ടങ്ങളിലായി സഹായവുമായി കൂടെ ഉണ്ടായിരുന്നു.