ആലപ്പുഴ: സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ നിലയിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് (veena george)/ വാക്സീൻ വിതരണം (vaccination) ലക്ഷ്യത്തിലേക്ക് എത്തുന്നുണ്ടെന്നും എങ്കിലും ജനങ്ങൾ ജാഗ്രതയും പ്രതിരോധവും കൈവിടരുതെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.
അനുപമ വിഷയത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് വരാനുണ്ടെന്നും ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണമാണ് നടക്കുന്നതെന്നും വീണ ജോർജ് പറഞ്ഞു. ഇനി ഒരാഴ്ച കൂടി കഴിഞ്ഞാൽ റിപ്പോർട്ട് കിട്ടും. വീഴ്ച വന്നിട്ടുണ്ടോ ശിക്ഷാ നടപടി വേണമോ എന്നതുൾപ്പെടെ റിപ്പോർട്ട് കിട്ടിയ ശേഷം തീരുമാനിക്കും. വനിതാ കമ്മീഷൻ ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകി എന്ന ആക്ഷേപം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തു വിട്ട കണക്കനുസരിച്ച് സംസ്ഥാനത്തെ പ്രായപൂർത്തിയായവരിൽ 95 ശതമാനം പേരും ആദ്യഡോസ് വാക്സീൻ സ്വീകരിച്ചു കഴിഞ്ഞു. 53 ശതമാനം പേർ ഇതിനോടകം രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചു കഴിഞ്ഞു. ജനുവരിയോടെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചവരുടെ എണ്ണം 80 -ശതമാനത്തിന് മുകളിലേക്ക് എത്തും എന്നാണ് ആരോഗ്യവകുപ്പിൻ്റെ പ്രതീക്ഷ. കുട്ടികൾക്കായി സൈഡസ് കാഡിലയുടേയും ഭാരത് ബയോടെക്കിൻ്റേയും വാക്സീനുകൾക്ക് നേരത്തെ ഐസിഎംആർ അംഗീകാരം നൽകിയിട്ടുണ്ട്. കുട്ടികളുടെ വാക്സീനേഷന് അനുമതി ലഭിച്ചാൽ അതിനു വേണ്ട മുന്നൊരുക്കങ്ങളും സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്.
നവംബർ ഒന്നിനാണ് സംസ്ഥാനത്തെ സ്കൂളുകൾ തുറന്നത്. ശക്തവും ശാസ്ത്രീയവുമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് സ്കൂളുകൾ നിലവിൽ പ്രവർത്തിക്കുന്നത്. നവംബർ പകുതിയോടെ എട്ടാം ക്ലാസ് മുതൽ മുകളിലുള്ളവരും സ്കൂളിലേക്ക് എത്തും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾ പൂർണമായും തുറക്കും. എങ്കിലും കുട്ടികളുടെ വാക്സീനേഷൻ പൂർത്തിയാക്കിയാൽ മാത്രമേ സ്കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് കൊണ്ടു വരാനാവൂ.
Mediawings: