മേപ്പാടി -പുത്തുമല: 2019 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പുത്തു മലയിലെ 13 കുടുംബങ്ങൾക്ക് കേരള മുസ്‌ലിം ജമാഅത്ത് – ഐ.സി. എഫ്. ഗൾഫ് കൗൺസിലിൻ്റെ സഹായത്തോടെ പുതിയ വീടുകൾ നിർമിച്ചു നൽകി. പുത്തുമല ഹർഷത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രളയബാധിതർക്ക് വീടുകൾ സമർപ്പിച്ചു. വേദനിക്കുന്ന മനുഷ്യനെ സഹായിക്കുന്നതിൽ ജാതിയും മതവുമില്ല, പാവപ്പെട്ടവനെ ചേർത്ത് പിടിക്കാനാണ് മതം പറയുന്നത്. കഷ്ടപെടുന്നവരെ സഹായിക്കാനും അനാഥകളെയും അഗതികളെയും ചേർത്ത് നിർത്താനും ഖുർആൻ ഉണർത്തുന്നുണ്ട്. 2019 ലെ പ്രളയത്തിൽ പാർപ്പിടം നഷ്ടപ്പെട്ടവർക്ക് കേരള മുസ്‌ലിം ജമാഅത്ത് തുണയാകുന്നത് ഞങ്ങളുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ്. അന്ന് ജീവനും കൊണ്ട് എല്ലാം ഉപേക്ഷിച് രക്ഷപ്പെട്ടവർക്ക് വീടൊരുക്കാൻ കഴിഞ്ഞതിൽ വലിയ ചരിതാർഥ്യമുണ്ട്- കാന്തപുരം പറഞ്ഞു. കേരള ഹജ്ജ്കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ 14 വീടുകൾ നവംബർ 12 വെള്ളിയാഴ്ച സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുത്തുമലയിൽ സർക്കാർ സഹായത്തോടെ 13 വീടുകളാണ് ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയായത്. 6 വീടുകൾ ഹർഷം പ്രൊജക്ടിലും ഏഴെണ്ണം പുത്തൂർവയൽ,കോട്ടനാട്,കോട്ടത്തറവയൽ എന്നിവിടങ്ങളിലുമാണ് നിർമിച്ചത്. പുത്തുമല ഹർഷം പ്രൊജക്ടിലെ അറുപതോളം കുടുംബങ്ങൾക്കുള്ള കുടിവെള്ളപദ്ധതി കാരന്തൂർ മർകസാണ് നൽകിയത്. ടി. സിദ്ധീഖ് എം. എൽ എ, എ.എൻ.പ്രഭാകരൻ,പി.പി.എ കരീം,ഐ.സി.എഫ് ഗൾഫ് കൗൺസിൽ സെക്രട്ടറി ശരീഫ് കാരശേരി, എൻ അലി അബ്ദുല്ല, സി.പി.സൈതലവി മാസ്റ്റർ,സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ , കെ.കെ.സഅദ് ,എസ് ശറഫുദ്ധീൻ പ്രസംഗിച്ചു.