വിവിധ ദേശീയകായിക മത്സരങ്ങളില്‍ വിജയികളായ കേരള പോലീസ് താരങ്ങളെ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അഭിനന്ദിച്ചു. മത്സരത്തിനു ശേഷം കായികതാരങ്ങള്‍ പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവിയേയും സെന്‍ട്രല്‍ സ്പോര്‍ട്സ് ഓഫീസര്‍ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാമിനെയും സന്ദര്‍ശിച്ചു.
ബാഗ്ലൂരില്‍ നടന്ന 74-ാമത് ഗ്ലെന്‍മാര്‍ക്ക് സീനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍, 100 മീറ്റര്‍, 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക് വിഭാഗത്തില്‍ പോലീസ് അസിസന്‍റ് കമാണ്ടന്‍റും ഒളിമ്പ്യനുമായ സജന്‍ പ്രകാശ് ഇന്ത്യന്‍ പോലീസ് ടീമിനെ പ്രതിനിധീകരിച്ച് സ്വര്‍ണ്ണം നേടി.
ഹവില്‍ദാര്‍മാരായ ഗ്രീഷ്മ.പി, ജോമി ജോര്‍ജ്ജ് എന്നിവര്‍ വാട്ടര്‍ പോളോ വിഭാഗത്തില്‍ ഇന്ത്യന്‍ പോലീസ് ടീമിനെ പ്രതിനിധീകരിച്ച് വെള്ളിമെഡല്‍ നേടി. സംസ്ഥാന ടീമിനെ പ്രതിനിധീകരിച്ച് വാട്ടര്‍പോളോ മത്സരത്തില്‍ പങ്കെടുത്ത ഹവില്‍ദാര്‍മാരായ രാഹുല്‍.എ.നായര്‍, സൂരജ്.ജെ.എസ്, വിമല്‍.എം, രാഹുല്‍ കടുക്കാട്ടില്‍ എന്നിവര്‍ക്ക് വെങ്കല മെഡല് ലഭിച്ചു.
ഡല്‍ഹിയില്‍ നടന്ന 3-ാമത് നാഷണല്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ വിഭാഗത്തില്‍ ഹവില്‍ദാര്‍ സ്മൃതിമോള്‍.വി രാജേന്ദ്രന്‍ വെള്ളി മെഡല്‍ നേടി. 23-ല്‍ താഴെ പ്രായമുള്ളവര്‍ക്കായി നടത്തിയ ആദ്യത്തെ സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹൈജെമ്പ് വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയത് ഹവില്‍ദാര്‍ ആതിര സോമരാജ് ആണ്.