റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്താനും ആവശ്യമായ മാറ്റങ്ങള്‍ക്കുമായി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്.അനില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഏപ്രിലോടെ മുഴുവന്‍ റേഷന്‍ കാര്‍ഡും സ്മാര്‍ട്ട് കാര്‍ഡാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ മുന്നോടിയായി കാര്‍ഡിലെ വിവരങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് ഉറപ്പുവരുത്താനാണ് ക്യാമ്പയിൻ.
അംഗങ്ങളുടെ പേര്, വയസ്സ്, വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയവയില്‍ കടന്നുകൂടിയ പിഴവുകള്‍ തിരുത്താനും എല്‍.പി.ജി, വൈദ്യുതി കണക്ഷന് എന്നിവയിലുണ്ടയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്താനും ക്യാമ്പയിൻ കാലത്ത് സാധിക്കും.
എല്ലാ വര്‍ഷവും ഇതേ കാലയളവില്‍ പിഴവ് തിരുത്തല്‍ ക്യാമ്പയിൻ നടത്തും. റേഷന്‍ കാര്‍ഡുകളുടെ തരംമാറ്റല്‍, കാര്‍ഡിലെ വരുമാനം, വീടിെന്റ വിസ്തീര്‍ണം, വാഹനങ്ങളുടെ വിവരം എന്നിവയിലെ മാറ്റം ഈ പദ്ധതി പ്രകാരം സാധിക്കില്ല.
സമീപപ്രദേശങ്ങളില്‍ മാവേലി സ്റ്റോറുകള്‍ നിലവിലില്ലാത്ത സ്ഥലങ്ങളില്‍ തെരഞ്ഞെടുത്ത റേഷന്‍ കടകള്‍ വഴി മാത്രം മാവേലി സ്റ്റോറുകളിലെ സബ്സിഡി സാധനങ്ങള്‍ വിതരണം ചെയ്യും. വിവിധ കാരണങ്ങളാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത 686 റേഷന്‍ കടകളെ സംബന്ധിച്ച പരാതി തീര്‍പ്പാക്കാന്‍ ജില്ലകളില്‍ പ്രത്യേക അദാലത് സംഘടിപ്പിക്കും.
സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്യുന്ന സ്ഥലങ്ങളില്‍ പുതിയ ലൈസന്‍സിയെ കണ്ടെത്താന്‍ കെ.ടി.പി.ഡി.എസ് പ്രകാരം സംവരണ തത്ത്വം പാലിച്ച് വിജ്ഞാപനം നടത്തും.
Mediawings: