മലപ്പുറം: മലബാറിന്റെ വികസനത്തിന് പൊൻതൂവലായി എടപ്പാൾ ഫ്ലൈ ഓവർ നവംബർ 26 ന് വൈകീട്ട് 3 മണിക്ക് നാടിന് സമര്‍പ്പിക്കും. തൃശൂർ കോഴിക്കോട് സംസ്ഥാന പാതയിലെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങുന്ന എടപ്പാൾ നഗരത്തിന് ശാപ മോക്ഷമാകുന്ന പ്രസ്തുത ചടങ്ങിൽ എം.എൽ.എ ഡോ. കെ.ടി ജലീലിന്റെ അദ്ധ്യക്ഷതയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും.
വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ എടപ്പാള്‍ മേല്‍പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചിരുന്നു. എന്നാല്‍ ഇഴഞ്ഞുനീങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു.
കൈവരികളുടെ നിര്‍മ്മാണം, പെയിന്റിംഗ്, ലൈറ്റുകള്‍, മറ്റ് ഇലക്ട്രിക്ക് ജോലികള്‍ എന്നിവ പൂര്‍ത്തീകരിച്ചു. പാലത്തിനോടു ചേര്‍ന്നുള്ള ജംഗ്ഷന്റെ സൗന്ദര്യവത്കരണവും ഗതാഗതത്തിന് തടസ്സമായ കെട്ടിടങ്ങളുടെ മുന്‍വശം പൊളിച്ചുനീക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയായി. കനത്ത മഴ കാരണം പാലത്തിന്റെ ടാറിംഗ് പ്രവൃത്തി നടത്താന്‍ സാധിച്ചിരുന്നില്ല. ടാറിംഗ് പ്രവൃത്തി ഉള്‍പ്പെടെ പൂര്‍ത്തീകരിച്ച് നവംമ്പര്‍ 26 ന് ഉദ്ഘാടനം ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചത്.
എടപ്പാള്‍ നഗരത്തിന് കുറുകെ ഒരു പാലം എന്നത് ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു. 2022 ഏപ്രില്‍ മാസത്തില്‍ മാത്രമേ പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാകു എന്ന് കരുതിയിരുന്ന മേൽപ്പാലത്തിന്റെ നിർമ്മാണം മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ പൂർത്തിയാക്കിയതെന്നാണ് റിപ്പോർട്ട്.
പാലം പ്രവൃത്തിയുടെ ഓരോ ദിവസത്തെയും പുരോഗതി മന്ത്രി ഓഫീസില്‍ നിന്നും വിലയിരുത്തി. ഓരോ ആഴ്ചയിലും പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് കൃത്യമായി പരിശോധിച്ചു.
സമയബന്ധിതമായി പ്രവൃത്തി മുന്നോട്ടുകൊണ്ടുപോയ ഉദ്യോഗസ്ഥരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.