വായു മലിനീകരണം അതിരൂക്ഷം: ദില്ലിയിൽ സ്കൂളുകൾ അടച്ചു

ദില്ലി: ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ വായു നിലവാര സൂചിക 471 ന് മുകളിലാണ് രേഖപ്പെടുത്തിയത്. മലിനീകരണം തടയാൻ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ദില്ലി സര്‍ക്കാര്‍ ഇന്നലെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

സ്കൂളുകൾ ഒരാഴ്ചത്തേക്ക് ഇന്നുമുതൽ അടച്ചിടും. മുഴുവൻ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം വര്‍ക് ഫ്രം ഹോമാക്കി. ലോക് ഡൗണ്‍ പ്രഖ്യാപിക്കണോ എന്നത് കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കാനാണ് ദില്ലി സര്‍ക്കാരിന്‍റെ ആലോചന. ഇന്ന് അക്കാര്യത്തിൽതീരുമാനം ഉണ്ടായേക്കും.

വായു മലിനീകരണം തടയാൻ ദില്ലിയിൽ  രണ്ട് ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കയിരുന്നു. ഉടൻ ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും കോടതി അറിയിച്ചു.

വീടിനുള്ളിൽ പോലും മാസ്ക് ധരിച്ചിരിക്കേണ്ട അവസ്ഥയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ദില്ലി സര്‍ക്കാര്‍ അടിയന്തിര യോഗം വിളിച്ചിരുന്നു. ദില്ലിയിലെ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടപെടൽ.

അടിയന്തര സാഹചര്യമാണ് ദില്ലിയിലെന്നും ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയണമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ ആവശ്യപ്പെട്ടു.

വായു നിലവാര സൂചിക 50-ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ ഇപ്പോൾ 471ന് മുകളിലാണ്. യഥാര്‍ത്ഥത്തിൽ വിഷപ്പുകയാണ് ദില്ലിയുടെ അന്തരീക്ഷത്തിൽ. അന്തരീക്ഷ മലിനീകരണം ദില്ലിയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അടിയന്തിര നടപടി വേണമെന്ന കോടതി നിര്‍ദ്ദേശം.

 

Media wings

spot_img

Related Articles

Latest news