സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായേക്കും.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെത്തോടെ സംസ്ഥാനത്തെ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് പ്രവചനം.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
കേരള തീരത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യത.കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യതൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണം.കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അടുത്ത 24 മണിക്കൂറുനുള്ളിൽ തെക്ക് കിഴക്കൻ അറബിക്കടലിൽ ഗോവ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ ഇത് കേരളത്തെ ബാധിക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രാഥമിക വിലയിരുത്തൽ.